പടിയൂരിൽ പൊട്ടിയ ബണ്ട് പുനസ്ഥാപിച്ച് കെഎൽഡിസി അധിക്യതർ;മേഖലയിലെ വീടുകളും പാടശേഖരവും വെളളക്കെട്ടിൽ തന്നെ.
ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ കോതറ പാലത്തിന് അടുത്ത് തകർന്ന കെഎൽഡിസി ബണ്ട് പുനസ്ഥാപിച്ച് അധികൃതർ. പാലത്തിൻ്റെ കിഴക്ക് ഭാഗത്തുള്ള കെഎൽഡിസി കനാലിൻ്റെ കാട്ടൂർ തെക്കുപാടം ഭാഗത്തേക്കുള്ള രണ്ട് കിലോമീറ്ററോളം വരുന്ന ബണ്ടിൻ്റെ ഇരുപത് മീറ്ററോളം ഭാഗമാണ് കനാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയോടെ തകർന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഇടപെടലുകളെ തുടർന്ന് കെഎൽഡിസി, പോലീസ്, റവന്യൂ അധികൃതരുടെയും പടിയൂർ, കാട്ടൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും മേൽനോട്ടത്തിൽ അടിയന്തരമായി ബണ്ട് പുനസ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആരംഭിക്കുകയായിരുന്നു. രാത്രിയും നീണ്ട് നിന്ന നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പൂർത്തീകരിച്ചത്.
അതേ സമയം ഇപ്പോൾ നടന്നു വരുന്ന കെഎൽഡിസി കനാലിൻ്റെ ആഴം കൂട്ടുന്ന പ്രവൃത്തികളുടെ ഭാഗമായി
ബണ്ടിൻ്റെ ഉയരവും വീതിയും കൂട്ടി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെഎൽഡിസി അധിക്യതർ അറിയിച്ചു.
ബണ്ട് പൊട്ടിയതിനെ തുടർന്ന് പടിയൂർ പഞ്ചായത്തിലെ അംബേദ്കർ കോളനിയിലും കാട്ടൂർ പഞ്ചായത്തിലെ മാവുംവളവ്,മധുരംപിള്ളി, തേക്കുംമൂല എന്നിവടങ്ങളിൽ ഉണ്ടായ വെള്ളക്കെട്ട് തുടരുകയാണ്. സ്ഥിരം ക്യഷിയിറക്കാറുള്ള കാട്ടൂർ തെക്കുപാടം പാടശേഖരവും വെള്ളത്തിനടിയിലാണ്.