ചാലക്കുടിയിൽ കാൽനട യാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവം: വാഹനവും ഡ്രൈവറും പിടിയിൽ;വാഹനം കണ്ടെത്തി പിടികൂടിയത് രണ്ട് മാസത്തോളമെടുത്ത പഴുതടച്ച അന്വേഷണത്തിലൂടെ
ചാലക്കുടി: പോട്ട പാപ്പാളി ജംഗ്ഷനു സമീപം അജ്ഞാത വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരണപ്പെട്ട സംഭവത്തിലെ അജ്ഞാത വാഹനം കണ്ടെത്തി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും . ഏറെ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രസ്തുത വാഹനം കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പാലക്കാട് നൂറണി വെണ്ണക്കര സ്വദേശി വയനാട്ടു പുര വീട്ടിൽ മധു (38 വയസ്) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്റ്റ് പതിനാറാം തീയതി അർദ്ധരാത്രിയോടെ ചാലക്കുടി പോട്ട പാപ്പാളി ജംഗ്ഷനു സമീപം വച്ച് കാൽ നടയാത്രികനായ കോഴിക്കോട് സ്വദേശി ജോസ് എന്നയാൾ വാഹനമിടിച്ച് മരണപ്പെട്ടത്. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ യഥാസമയം റോഡരികിൽ വീണു കിടന്ന വയോധികനെ ആശുപത്രിയിലെത്തിക്കാനായില്ല. വഴിയാത്രക്കാരിലൊരാൾ സ്റ്റേഷനിലേയ്ക്ക് ഫോൺ ചെയ്ത് അറിയിച്ച പ്രകാരം സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സംഘം റോഡരികിൽ കിടന്നയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
കാൽനടയാത്രികനെ ഇടിച്ച വാഹനം നിർത്താതെ പോയതിനെ തുടർന്ന് പ്രസ്തുത വാഹനം കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസിന്റെ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ ജില്ല പോലിസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് രണ്ട് മാസത്തോളം നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് നിർത്താതെ പോയ വാഹനം ലോറിയാണെന്ന് കണ്ടെത്തി പിടികൂടിയത്. അങ്കമാലി മുതൽ തലോർ വരെയുള്ള നാൽപത്തിയെട്ടോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നാഷണൽ ഹൈവേയിലൂടെ കടന്നുപോയ നൂറു കണക്കിന് വാഹനങ്ങളിൽ നിന്നും സംശയാസ്പദമായ കേരള, കർണ്ണാടക, തമിഴ് നാട് രജിസ്ട്രേഷനുകളിലുള പത്തോളം വാഹനങ്ങൾ കർണ്ണാടകയിലെ തുംകൂർ, ബാംഗ്ലൂർ ചെന്നമനക്കരൈ, തമിഴ്നാട്ടിലെ കുളിത്തലൈ, രാമനാഥപുരം, വിരുദുനഗർ, ദിണ്ഡിഗലിനടുത്തുള്ള തെന്നംപട്ടി എന്നിവിടങ്ങളിൽ നേരിട്ട് പോയി വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് അപകടത്തിനിടയാക്കിയ നാഷണൽ പെർമിറ്റ് ലോറി കണ്ടെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ അപകടത്തി നിടയാക്കിയ ലോറിയാണിതെന്ന് കണ്ടെത്തിയത്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ജോഷി ജി.റ്റി എന്നിവരടങ്ങിയ സംഘമാണ് രണ്ട് മാസത്തോളം മൂന്ന് സംസ്ഥാനങ്ങളിലായലഞ്ഞ് ഏറെ ശ്രമകരവും കൃത്യതയുമാർന്ന അന്വേഷണത്തിലൂടെ അപകടത്തിനിടയാക്കി നിർത്താതെ പോയ വാഹനം കണ്ടെത്തി പിടികൂടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് നാലാം തവണയാണ് അജ്ഞാത വാഹനമിടിച്ച് ആളുകൾ മരണപ്പെട്ട സംഭവത്തിലുൾപ്പെട്ട വാഹനം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ കണ്ടെത്തുന്നത്.