പടിയൂരിൽ കെഎല്‍ഡിസി കനാല്‍ ബണ്ട് പൊട്ടി; പാടശേഖരങ്ങൾ വെള്ളത്തിലായി; അടിയന്തര നടപടികൾ നിർദ്ദേശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; രാത്രി വൈകിയും ബണ്ട് ബലപ്പെടുത്തുന്ന നടപടികള്‍ തുടരുന്നു.
ഇരിങ്ങാലക്കുട:കെഎല്‍ഡിസി കനാലില്‍ കോതറ പാലത്തിനു സമീപത്തെ ബണ്ട് പൊട്ടി. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍-കാട്ടൂര്‍ റോഡിൽ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള പഴയ പമ്പ് ഹൗസിനോടു ചേര്‍ന്നുള്ള വടക്കു വശത്തെ ബണ്ടാണു പൊട്ടിയത്. പമ്പ് ഹൗസിലേക്കുള്ള ജലം ഒഴുകുന്ന ചെറിയ തോടാണ് കനത്ത കുത്തൊഴുക്കില്‍ തള്ളിപോയത്. ഏകദേശം 20 മീറ്റര്‍ നീളത്തിലാണ് ബണ്ട് തകര്‍ന്നത്. ബണ്ട് പൊട്ടിയതോടെ കാട്ടൂര്‍ തേക്കുംമൂല ജനവാസ കേന്ദ്രത്തിലേക്കും കാട്ടൂര്‍ തെക്കുംപാടം പാടശേഖരത്തിലേക്കുമാണു വെള്ളം ശക്തിയായി ഒഴുകിയെത്തിയത്. ഇതോടെ പാടശേഖരത്തില്‍ വെള്ളം നിറയുകയും പടിയൂരിന്റെയും കാട്ടൂരിന്റെയും പല പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്തു. സംഭവമറിഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു സ്ഥലം സന്ദര്‍ശിച്ചു. തകര്‍ന്ന കനാല്‍ ബണ്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കു തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥരോടു മന്ത്രി നിര്‍ദേശിച്ചു. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തിലും ഇന്നും നാളെയും കനത്ത മഴ ഉണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ കനാലില്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അടിയന്തിര പ്രാധാന്യം നല്‍കി ബണ്ട് ബലപ്പെടുത്തുവാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.. മന്ത്രിയുടെ കൂടെ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്‍, മുകുന്ദപുരം തഹസില്‍ദാര്‍ ശ്രീരാജ് കുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘവും റവന്യു വിഭാഗവും കെഎല്‍ഡിസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തകര്‍ന്ന ബണ്ട് ജെസിബി ഉപയോഗിച്ചു മുളങ്കാലുകള്‍ ഉറപ്പിച്ച് ബണ്ടില്‍ മണ്ണിട്ട് ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചു. ആദ്യം ക്വാറി വേസ്റ്റ് ഇട്ടാണ് ബണ്ട് ഉറപ്പിച്ചിരുന്നത്. പിന്നീട് സിവില്‍ സ്റ്റേഷല്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എടുത്ത് ബണ്ട് ബലപ്പെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘത്തിനൊപ്പം സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വെള്ളത്തിന്റെ ഒഴുക്ക് താത്കാലികമായി തടഞ്ഞുവെങ്കിലും കെഎല്‍ഡിസി കനാലിനു വശത്തുള്ള ബണ്ട് പലയിടത്തും ഏതു സമയയും പൊട്ടാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് കെഎല്‍ഡിസി ബണ്ട് പൊട്ടിയതിനെ തുടര്‍ന്നാണ് എടതിരിഞ്ഞി, കാട്ടൂര്‍ മേഖലയില്‍ വലിയ തോതില്‍ വെള്ളം കയറിയിരുന്നത്. അന്ന് ഹരിപുരം ഭാഗത്താണു ബണ്ട് പൊട്ടിയത്. മുരിയാട്, കരുവന്നൂര്‍ കോള്‍ മേഖലയില്‍ നിന്നുള്ള വെള്ളമാണു കെഎല്‍ഡിസി കനാല്‍ വഴി ഒഴുകി വരുന്നത്. രാത്രി വൈകിയും ബണ്ട് ബലപ്പെടുത്തുന്ന പണികൾ നടന്ന് വരികയാണ്.