വെള്ളക്കെട്ട് രൂക്ഷം; കൊടുങ്ങല്ലൂരിൽ അറപ്പത്തോട് പൊട്ടിച്ചു.
നിർത്താതെ പെയ്ത പെരുമഴയിൽ കൊടുങ്ങല്ലൂരിന്റെ തീരദേശം വെള്ളക്കെട്ടിലമർന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി യുവാക്കൾ ഒത്തുചേർന്ന് മനുഷ്യ പ്രയത്‌നത്തിലൂടെ അറപ്പ പൊട്ടിച്ചു. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ പുതിയ റോഡിലാണ് അറപ്പ പൊട്ടിക്കൽ നടന്നത്. ജെ.സി.ബി ഉപയോഗിച്ചായിരുന്നു അറപ്പ പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിക്കളഞ്ഞത്. അറപ്പയിൽ സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ മണ്ണ് വന്നടിഞ്ഞതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ തടസം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് തിങ്കളാഴ്ച ഉച്ചയോടെ നടന്നത്. ശ്രീനാരായണപുരം, എറിയാട് പഞ്ചായത്തുകളിലെ കൂടി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഉപാധിയായി കരുതപ്പെടുന്ന അറപ്പ പൊട്ടിക്കലിന് ഇക്കുറി എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹഫ്സൽ, എറിയാട് പഞ്ചായത്ത് അംഗം സാറാബി ഉമ്മർ എന്നിവരാണ് നേതൃത്വം നൽകിയത്. എറിയാട് പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് അറപ്പ ഇത്തവണ പൊട്ടിച്ചത്. പഞ്ചായത്തിലെ നിരവധി വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തീരദേശ റോഡുകളിൽ വെള്ളം നിറഞ്ഞത് മൂലം ഗതാഗതവും ദുഷ്‌കരമായി. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ പടിഞ്ഞാറൻ മേഖലകളിലെ എല്ലാ തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്.