മഴക്കെടുതി; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടർ
തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറിയ നടത്തറ, നെന്മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളും
ഭാരതപ്പുഴയുടെ തീരത്തുള്ള
പാഞ്ഞാൾ, വള്ളത്തോൾ നഗർ പഞ്ചായത്തുകളുമാണ് കലക്ടർ സന്ദർശിച്ചത്.
മണലിപ്പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ എത്തുന്നതിന് മുൻപ് തന്നെ പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറുവാനും നിർദേശം നൽകിയിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നേരിട്ടെത്തിയ കലക്ടർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ജില്ലയിൽ മഴ കുറയാത്ത സാഹചര്യത്തിൽ ജാഗ്രത തുടരാൻ കലക്ടർ അറിയിച്ചിട്ടുണ്ട്. പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്കും ബന്ധുവീടുകളിലേയ്ക്കും മാറി. പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.
ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ്, മഴ എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടികൾ സ്വീകരിച്ച് വരികയാണ്. ജില്ലാതലത്തിലും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ 9 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. തൃശൂർ – 3, ചാലക്കുടി – 2, മുകുന്ദപുരം – 2, കൊടുങ്ങല്ലൂർ – 2 എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാൻ എല്ലാ പഞ്ചായത്തുകളും സജ്ജമായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര് ആന്റ് റെസ്ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളും സജ്ജരാണ്.