ലൈഫും നാട്ടുകാരും കൈകോർത്തു: ഗിരിജയ്‌ക്ക് കിട്ടിയത് ‘സ്നേഹാലയം’

ലൈഫും നാട്ടുകാരും കൈകോർത്തു: ഗിരിജയ്‌ക്ക് കിട്ടിയത് ‘സ്നേഹാലയം’

 

കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയും ശ്രീനാരായണപുരം പഞ്ചായത്തും നാട്ടുകാരും ഒത്തുചേർന്നപ്പോൾ നിർധനയും നിരാലംബയുമായ ഗിരിജയ്ക്ക് സ്വന്തമായത് ‘സ്നേഹാലയം’.  53 വയസിനിടെ അഗതിമന്ദിരവും വാടകവീടും  തലചായ്ക്കാൻ ഇടമാക്കിയ ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് പുത്തൻ പുരയ്ക്കൽ വീട്ടിൽ ഗിരിജയ്ക്കും മൂന്ന് പെൺമക്കൾക്കുമാണ് വീടെന്ന സ്വപ്നം സാധ്യമായത്. വാടക വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള സ്വന്തം വീടെന്ന യാഥാർത്ഥ്യത്തിൻ്റെ താക്കോൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയിൽ നിന്ന് ഗിരിജ ഏറ്റുവാങ്ങി.

‘സ്നേഹാലയം’ എന്ന് പേരിട്ട ഈ കൊച്ചുവീട് ഇപ്പോൾ ഗിരിജയ്ക്ക് സ്വന്തം. ഗിരിജയുടെ ദുരിതപൂർണമായ ജീവിതം കണ്ടറിഞ്ഞ സുമനസ്സുകൾ സോഷ്യൽ മീഡിയ വഴി  5 ലക്ഷം രൂപയോളം സമാഹരിച്ചാണ് ഭൂമി വാങ്ങാനും വീടു വെയ്ക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് സ്ഥലം വാങ്ങുന്നതിന് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് 1,70,000 രൂപ അനുവദിച്ചു. വീട് വയ്ക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപയും അനുവദിച്ചതോടെ പ്രവർത്തനങ്ങൾ വേഗത്തിലായി.

എറണാകുളം ജില്ലയിലെ വരാപ്പുഴ സ്വദേശിനിയായ ഗിരിജ വിവാഹശേഷമാണ് കോതപറമ്പിൽ എത്തുന്നത്. കോതപറമ്പ് ജംഗ്ഷന് കിഴക്കുഭാഗത്താണ് കഴിഞ്ഞ 18 വർഷമായി ഗിരിജ വാടകയ്ക്ക് താമസിക്കുന്നത്. ഇളയ കുട്ടി കുഞ്ഞായിരിക്കുമ്പോൾ ഭർത്താവ് മരണപ്പെട്ടു. 32 വയസ്സുള്ള, ജന്മനാ  ശാരീരിക വെല്ലുവിളികൾ
നേരിടുന്ന മൂത്ത മകളാണ് ഗിരിജയുടെ ദുഃഖം.

ചില സർജറികൾ പലപ്പോഴായി ചെയ്തെങ്കിലും സാമ്പത്തിക പരാധീനത മൂലം ചികിത്സ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ജോലിക്ക് പോകേണ്ടതിനാൽ മൂത്ത മകളെ വരാപ്പുഴയിൽ ഗിരിജയുടെ അമ്മയ്ക്കും അവിവാഹിതയായ ചേച്ചിയ്ക്കുമൊപ്പമാണ് നിർത്തിയിരുന്നത്. പ്ലസ് ടുവിനും പ്ലസ് വണ്ണിനും പഠിക്കുന്ന ഇളയ രണ്ടു മക്കളും ഒന്നാം ക്ലാസ് മുതൽ  അഗതിമന്ദിരത്തിൽ താമസിച്ചാണ് പഠനം. മുറ്റമടിച്ചും വീട്ടുജോലി ചെയ്തും സമ്പാദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് താമസിക്കുന്ന വീടിന്റെ വാടകയുൾപ്പെടെ തന്നെ ആശ്രയിച്ച് കഴിയുന്ന മുഴുവൻ പേരുടെയും ജീവിതം ഗിരിജ മുന്നോട്ടു കൊണ്ടുപോകുന്നത്.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, വാർഡ് കൗൺസിലർ സജിത പ്രദീപ്
എന്നിവരുടെ സാന്നിധ്യത്തിലാണ്  ഗൃഹപ്രവേശം നടന്നത്. കബോർഡുകൾ അടയ്ക്കൽ, ചുറ്റുമതിൽ നിർമിക്കൽ തുടങ്ങി ചെറിയ ജോലികൾ കൂടി ഇനി ബാക്കിയുണ്ട്. അതെല്ലാം പുതിയ വീട്ടിൽ താമസിച്ചുകൊണ്ടു തന്നെ ചെയ്യാമല്ലോ എന്ന സമാധാനത്തിലാണ് ഗിരിജ. മാത്രമല്ല,
തുലാവർഷമെത്തും മുമ്പ് ചോർന്നൊലിക്കുന്ന വാടകവീട്ടിൽ നിന്ന് മാറിത്താമസിക്കാനായതിന്റെ
നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കുന്നില്ല. എല്ലാം ഗിരിജയുടെ ചിരിയിലുണ്ട്.

Please follow and like us: