കനത്ത മഴ; മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം; ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 27 പേർ

കനത്ത മഴ; മുൻകരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം; ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 27 പേർ

 

തൃശൂർ:അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബർ 16 മുതൽ 18 വരെ നിരോധിച്ചു. വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ വയൽ, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ഉള്ളവർ ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധു വീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാനും നിർദേശം നൽകി.

പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു. കടലിലുള്ള മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകരുത്. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയും ഒക്ടോബർ 18 വരെ അനുവദനീയമല്ല. നദീതീരങ്ങൾ, പാലം, മലഞ്ചേരിവ്, ബീച്ചുകൾ എന്നിവിടങ്ങളിൽ വിനോദത്തിന് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.

ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരിൽ ഷോളയാർ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യത ഉള്ളതിനാൽ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ഉച്ചയോടെ തൃശൂർ ജില്ലയിലെ
എല്ലാ താലൂക്കുകളിലും മഴയുടെ അളവിൽ കുറവുണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മലമ്പുഴ, ആളിയാർ ഡാമുകൾ തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

പീച്ചി ഡാം ഷട്ടറുകൾ 2 ഇഞ്ചിൽ നിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്താനും വാഴാനി ഡാമിൻ്റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തുവാനും നിർദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാം സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 6.30 ഓടെ വെള്ളം ഉയരും. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദേശമുണ്ട്. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അതിരപ്പിള്ളി, മലക്കപ്പാറ മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്.

നിലവിൽ ജില്ലയിൽ 2 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ 5 കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എൽ പി സ്കൂളിൽ 2 കുടുംബങ്ങളിലെ 4 പേർ ഉണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാർപ്പിച്ചത്.

Please follow and like us: