കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; പുത്തന്‍തോട് പാലത്തിന്റെ അറ്റകുറ്റപണികള്‍ നീട്ടിവച്ചു.

 

കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; പുത്തന്‍തോട് പാലത്തിന്റെ അറ്റകുറ്റപണികള്‍ നീട്ടിവച്ചു.

 

ഇരിങ്ങാലക്കുട: കനത്ത മഴയില്‍ നഗരസഭയിലെയും പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയിട്ടുള്ളത്. റോഡില്‍ നിന്നും കാനകളിലേക്കു വെള്ളമൊഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടത്തും റോഡില്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ പെരുവല്ലിപ്പാടം, കെഎസ്ആര്‍ടിസി പരിസരം, കൂടല്‍മാണിക്യം തെക്കേനട, താഴ്ന്ന പ്രദേശമായ ചാലാംപാടം എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. നഗരസഭാ മൈതാനവും പാര്‍ക്ക് വ്യൂ റോഡും വെള്ളത്തില്‍ മുങ്ങി. ഠാണാവിന്‍നിന്നും ആരംഭിച്ച് മൈതാനത്തിനു സമീപത്തുകൂടി ഒഴുകുന്ന തോടില്‍ കഴിഞ്ഞ മഴയില്‍ വീണ മരത്തിന്റെ ചില്ലകള്‍ കുടുങ്ങിയതാണ് പാർക്ക് വ്യൂ റോഡിൽ വെള്ളക്കെട്ടിന് കാരണമായത്. ഉച്ചയോടെ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേത്യത്വങ്ങൾ കാനയിലെ തടസ്സങ്ങൾ നീക്കി. നഗരസഭയിലെ ചെറുതോടുകള്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം ശുചീകരിച്ചിരുന്നുവെങ്കിലും മാലിന്യം നിറച്ച ചാക്കുകളും മറ്റും അടിഞ്ഞു കൂടിയതു മൂലം കാനകളിലൂടെയുള്ള വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനു തടസമായി. കനത്ത മഴയുടെ സാഹചര്യത്തിൽ ഞായറാഴ്ച ആരംഭിക്കാനിരുന്ന കരുവന്നൂര്‍ പുത്തൻതോട് പാലത്തിന്റെ അറ്റകുറ്റ പണികളുടെ പണികള്‍ നീട്ടിവച്ചു. കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു മൂലം പുത്തന്‍തോടിലും ജലനിരപ്പ് ഉയരുകയാണ്. മാത്രവുമല്ല ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തിലുമാണ് പാലത്തിന്റെ അറ്റകുറ്റ പണികള്‍ നീട്ടിവച്ചത്. അറ്റകുറ്റ പണികള്‍ ആരംഭിക്കുകയാണെങ്കില്‍ ഗതാഗത നിയന്ത്രണം നടത്തുന്നതിനാവശ്യമായ ബാരിക്കേഡുകളും ദിശാബോര്‍ഡുകളും സ്ഥാപിച്ചിരുന്നതാണ്.

Please follow and like us: