കാക്കാത്തുരുത്തിയിൽ ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളുടെ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.
ഇരിങ്ങാലക്കുട: ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് ഉപരിപഠനത്തിനും ആനുകൂല്യങ്ങൾ നേടാനും തടസ്സങ്ങൾ നേരിടുന്ന പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലെ 12 ഓളം കുടുംബങ്ങളുടെയും വിദ്യാർഥികളുടെയും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.പടിയൂർ പഞ്ചായത്തിലെ 13, 14 വാർഡുകളിലായിട്ടാണ് വർഷങ്ങൾക്ക് വർഷങ്ങളായി ഇവർ താമസിക്കുന്നത്. പട്ടികവർഗ്ഗത്തിലെ കുറുവ സമുദായത്തിൽ പ്പെട്ടവരാണെന്നാണ് ഇവർ അവകാശപ്പെടുന്നതെങ്കിലും ഇത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒന്നും ലഭിച്ചിട്ടില്ല. വർഷങ്ങളായി റവന്യൂ ഓഫീസുകളിലും ജാതി സാക്ഷ്യപ്പെടുത്തി തരേണ്ട കേന്ദ്ര എജൻസിയായ കിർട്ടാഡ്സിലും തങ്ങൾ കയറിയിറങ്ങുകയാണെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ മന്ത്രിയോട് പറഞ്ഞു. തൻ്റെ ശ്രദ്ധയിൽ വന്നത് ഇപ്പോൾ മാത്രമാണെന്നും വിഷയത്തിന് പരിഹാരം കാണാൻ പരമാവധി ശ്രമിക്കുമെന്നും മന്ത്രി ഇവർക്ക് ഉറപ്പ് നല്കി. എസ്എസ്എൽസി ബുക്കിലോ എതെങ്കിലും രേഖകളിലോ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, തുടർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഇവ ഉപയോഗപ്പെടുത്തുന്ന തീരുമാനം കഴിഞ്ഞ മന്ത്രിസഭായോഗം എടുത്തിട്ടുണ്ടെന്നും മന്ത്രി ഇവരെ അറിയിച്ചു. വിഷയം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഉടൻ കൊണ്ട് വരുമെന്ന് മന്ത്രി തുടർന്ന് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറി പി എ രാമാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ എസ് ഗിരീഷ്, കെ എം സജീവൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.