പുത്തൻതോട് പാലത്തിലെ അറ്റകുറ്റപ്പണികളും ഗതാഗത നിയന്ത്രണവും ഞായറാഴ്ച മുതൽ; ഇരു റൂട്ടുകളിലും വൺവേ സംവിധാനം എർപ്പെടുത്തുമെന്ന് പോലീസ്
തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പുത്തൻതോട് പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 17 ഞായറാഴ്ച മുതൽ ആരംഭിക്കും. ബസ്സുടമകളുമായി പോലീസ് നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം.പാലത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും ത്യശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും യാത്രക്കാരെ എടുത്ത് കൊണ്ട് പോകുന്നതിനും ഇത് അനുസരിച്ച് സമയക്രമീകരണം നടത്താനും തീരുമാനമായതായി സിഐ എസ് പി സുധീരൻ പത്രക്കുറിപ്പിൽ അറിയിച്ചു. തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുഴുവൻ മാപ്രാണത്ത് നിന്നും മാപ്രാണം ബ്ലോക്ക് വഴി പൊറത്തിശ്ശേരി, ചെമ്മണ്ട ജംഗ്ഷൻ ,കാറളം പാൽ സൊസൈറ്റി, മൂർക്കനാട് പള്ളി വഴി കരുവന്നൂർ പാലം മെയിൻ റോഡിലേക്കും തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആറാട്ടുപുഴ അമ്പലം റോഡിൽ കയറി മുളങ്ങ്, തൊട്ടിപ്പാൾ പാൽ സൊസൈറ്റി, നെടുമ്പാൾ ജംഗ്ഷൻ വഴിയും പോകണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുറൂട്ടുകളിലും വൺവേ സംവിധാനമാണ് എർപ്പെടുത്തിയിട്ടുള്ളതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.