മലക്കപ്പാറയിലേക്ക് ഇനി ഇരിങ്ങാലക്കുടയിൽ നിന്ന് അവധി ദിനങ്ങളിൽ രണ്ട് കെഎസ്ആർടിസി സർവീസുകൾ; ആദ്യ സർവീസുകൾ നാളെ ആരംഭിക്കും.
ഇരിങ്ങാലക്കുട: അവധി ദിനങ്ങളിൽ മലക്കപ്പാറയിലേക്ക് സ്പെഷ്യൽ സർവീസ് നടത്താനൊരുങ്ങി ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അധികൃതർ. രാവിലെ 7 നും 7.10 നുമായി രണ്ട് സർവീസുകളാണ് ഒക്ടോബർ 14, 15 തീയതികളിലായി ആരംഭിക്കുന്നത്. ചാലക്കുടി ഡിപ്പോയുമായി ബന്ധപ്പെടുത്തി അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ഷോളയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അല്പനേരം ചിലവഴിച്ച് ഒരു മണിയോടെ സർവീസുകൾ മലക്കപ്പാറയിൽ എത്തിച്ചേരും. രണ്ടരക്ക് മടങ്ങുന്ന സർവീസുകൾ വൈകീട്ട് ഏഴ് മണിയോടെ ഇരിങ്ങാലക്കുടയിൽ എത്തിച്ചേരും.വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന ആവശ്യം കണക്കിലെടുത്താണ് സർവീസുകൾ ആരംഭിക്കുന്നതെന്ന് സെൻ്റർ അധികൃതർ അറിയിച്ചു. ഒരാളിൽ നിന്ന് 250 രൂപയാണ് ഈടാക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.