തൃശൂരിൽ കനത്ത മഴ;
ഡാമുകളെല്ലാം തുറന്നു;
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ;
ഏഴു താലൂക്കുകളിൽ കണ്ട്രോൾ റൂം തുറന്നു;
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെത്തുന്നു
തൃശൂർ : തൃശൂരിൽ കനത്ത മഴയിൽ തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ മഴ ഇന്ന് രാവിലെ ശക്തമായി. ചാലക്കുടിയിൽ പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ഡാമിൽ നിന്നും കൂടുതൽ വെള്ളം ചാലക്കുടി പുഴയിലേക്കെത്തുന്നുണ്ട്. പുഴയുടെ സമീപങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം മുന്നറിയിപ്പ് നൽകി. ചാലക്കുടി റെയിൽവേ അടിപ്പാത വെള്ളക്കെട്ടിൽ മുങ്ങി.
വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഇന്നു പുലർച്ചെ മൂന്നരയോടെ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നു.നേരത്തെ ഷട്ടറുകൾ തുറന്നിരുന്നു. പെരിങ്ങൽക്കുത്തിലേക്ക് പറമ്പിക്കുളത്തു നിന്ന് കൂടുതൽ വെള്ളം വന്നുകൊണ്ടിരിക്കുകയാണ്. പറമ്പിക്കുളം മേഖലയിൽ കനത്ത മഴയുള്ളതിനാൽ കൂടുതൽ വെള്ളം ഇനിയുമൊഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. രാത്രിമുതൽ പെയ്യുന്ന കനത്ത മഴ രാവിലെയും തുടരുകയാണ്. ഡാമിലെ ജലനിരപ്പുയർന്നു. ഇതിന്റെ ഫലമായി അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ ഏറ്റവും സമൃദ്ധമായ രീതിയിൽ കുതിച്ചൊഴുകുന്ന കാഴ്ചയാണുള്ളത്. വാഴച്ചാലിലും അതിരപ്പിള്ളിയിലും വൻതോതിൽ വെള്ളമെത്തുന്നുണ്ട്. ചാലക്കുടി പുഴയിലും ഇതോടൊപ്പം ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. പരിഭ്രാന്തി ആവശ്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.
വരും മണിക്കൂറുകളിൽ പെരിങ്ങൽകുത്തിലേക്ക് പറമ്പിക്കുളത്തു നിന്ന് കൂടുതൽ നീരൊഴുക്ക് ഉണ്ടാകുമെന്നതിനാൽ ചാലക്കുടി പുഴയിൽ വെള്ളം ഇനിയും കൂടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഉച്ചയോടെ പറമ്പിക്കുളത്തുനിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞത് ആശ്വാസമായി.
ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയാണ്. വ്യാപക കൃഷിനാശം പലയിടത്തു നിന്നും റിപ്പോർട്ടു ചെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ഒരൊറ്റ രാത്രികൊണ്ടാണ് ഇത്രയും കനത്ത മഴ ജില്ലയെ തകർത്തു കളഞ്ഞത്.
മലയോര പ്രദേശങ്ങളിലും തൃശൂർ നഗരപ്രദേശത്തും കനത്ത മഴയാണ് ലഭിക്കുന്നത്.
ചാലക്കുടി താലൂക്കിൽ പരിയാരം വില്ലേജിലെ കുറ്റിക്കാട് സെൻസെബാസ്റ്റ്യൻ സ്കൂളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ പതിനാല് അംഗങ്ങളെ മാറ്റി പാർപ്പിച്ചു. ഇതിൽ അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ട്.
കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശേരി വില്ലേജ്, മേലൂർ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചാലക്കുടിയുടെ അവസ്ഥ വിലയിരുത്തുന്നതിനായി ജില്ല കലക്ടർ ഹരിത വി കുമാർ ചാലക്കുടി താലൂക്ക് ഓഫീസിലെത്തി ചർച്ച നടത്തി.
റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ഓണ്ലൈൻ യോഗം ചേർന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.
ഏനമാവ് റഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുകുന്നതിനാൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു. അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 0480 2705800, 8848357472 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
ചാവക്കാട് ബ്രഹ്മകുളം വില്ലേജിലെ ഒരു കുടുംബത്തിലെ നാലു പേരെ കാക്കശേരി ഗവ.എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ജില്ലയിലെ ഏഴ് താലൂക്കുകളിൽ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ ഡാമുകളെല്ലാം തുറന്നിട്ടുണ്ട്.
മഴ കനത്തതോടെ പീച്ചി ഡാമിന്റെ ഷട്ടറുകൾ നാലിഞ്ചാക്കി ഉയർത്തി. പീച്ചി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെയാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചതെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇടതുകരവലതുകര കനാലുകളുടെ അടുത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പീച്ചി ഡാമിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതിനാൽ ഡാം നിറയുകയാണെന്ന് അധികൃതർ പറഞ്ഞു. അതിനാൽ നാലു ഷട്ടറുകളും മണിക്കൂറിൽ ഒരു സെൻറിമീറ്റർ എന്ന തോതിൽ ഉയർത്തും. ഡാം പരമാവധി ശേഷിയിലേക്ക് ഉയരാൻ സാധ്യതയുള്ളതിനാൽ വൈകീട്ട് നാലിന് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് കളക്ടർ അറിയിച്ചു. ആയതിനാൽ മണലിപുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. വാഴാനി, ചിമ്മിനി, പെരിങ്ങൽകുത്ത്, പൂമല, അസുരൻകുണ്ട്, കേരള ഷോളയാർ, പത്താഴകുണ്ട്, പറന്പികുളം എന്നീ ഡാമുകളാണ് തുറന്ന മറ്റുള്ളവ. വാഴാനിയിൽ നാല് സ്പിൽവേ ഷട്ടറുകൾ 7.5 സെ. മീറ്റർ വീതവും, ചിമ്മിനിയിൽ അഞ്ചു സെൻറിമീറ്റർ, അസുരൻകുണ്ട്, പത്താഴകുണ്ട് മൂന്നു ഷട്ടറുകൾ ഒരു സെ. മീറ്ററും, പൂമലഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ചു വീതവുമാണ് തുറന്നു വിട്ടിരിക്കുന്നത്. വെള്ളത്തിന്റെ നീരൊഴുക്ക് കൂടിയാൽ ഷട്ടറുകൾ വീണ്ടും ഉയർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞുകവിഞ്ഞൊഴുകുന്ന കാഴ്ചയാണുള്ളതെങ്കിലും അതിരപ്പിള്ളിയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. അതിരപ്പിള്ളിആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
ചാലക്കുടി പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് പുഴയോര പ്രദേശങ്ങളിലേക്ക് വെള്ളം കയറി. പരിയാരം കപ്പത്തോട് നിറഞ്ഞൊഴുകിയതിനെ തുടർന്ന് കമ്മളം ഭാഗത്ത് ജനവാസ മേഖലയിലേക്ക് വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ചാലക്കുടി സതേണ് കോളജ് റെയിൽവേ അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് പടിഞ്ഞാറെ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. പരിയാരം കാഞ്ഞിരപ്പിള്ളി ഡ്രീം വേൾഡ് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള ഗതാഗതം നിലച്ചു. പറന്പിക്കുളം ഡാമിൽ നിന്നും 12000 ഘനഅടി എന്ന തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലുവിസ് തുറന്നതാണ് പുഴയിൽ വെള്ളം ഉയരാൻ കാരണം. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് നഗരസഭയും പോലീസും പുഴയോര പ്രദേശങ്ങളിൽ മൈക്ക് പ്രചരണം നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതാണ് ചാലക്കുടി പുഴക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.