എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻഷൻ; വിഷയത്തിൽ ചർച്ചയും വോട്ടെടുപ്പും ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ ചെയർപേഴ്സൻ സോണിയ ഗിരി കൗൺസിലിനോട് വിശദീകരണം നല്കണമെന്ന് ബിജെപി.
ഇരിങ്ങാലക്കുട: എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെക്കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പും ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ് നഗരസഭ യോഗം പിരിച്ച് വിട്ട നഗരസഭ ചെയർപേഴ്സൻ ,കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് നഗരസഭ സെക്രട്ടറി തന്നെ സസ്പെൻ്റ് ചെയ്ത സാഹചര്യത്തിൽ ,ഇക്കാര്യത്തിൽ കൗൺസിലിനോട് വിശദീകരണം നല്കണമെന്ന് ബിജെപി.നാല്പതിൽ 24 കൗൺസിലർമാരും ആവശ്യപ്പെട്ടിട്ടും ചെയർപേഴ്സൻ ചർച്ചയും വോട്ടെടുപ്പും നിഷേധിച്ച് യോഗം പിരിച്ച് വിടുകയായിരുന്നുവെന്നും ബിജെപി പാർലമെൻ്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. യോഗം പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. ടി കെ ഷാജുട്ടൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മായ അജയൻ, വിജയകുമാരി അനിലൻ, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, സരിത സുഭാഷ്, ആർച്ച അനീഷ് എന്നിവർ സംസാരിച്ചു.