അജണ്ടകളിൽ വിയോജിപ്പുകളുമായി പ്രതിപക്ഷം; വോട്ടെടുപ്പ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ചെയർപേഴ്സനും ബിജെപി അംഗവുമായി വാക്കേറ്റവും; ഇരിങ്ങാലക്കുട നഗരസഭ യോഗങ്ങളിലെ അനിശ്ചിതാവസ്ഥ തുടരുന്നു.

അജണ്ടകളിൽ വിയോജിപ്പുകളുമായി പ്രതിപക്ഷം; വോട്ടെടുപ്പ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ചെയർപേഴ്സനും ബിജെപി അംഗവുമായി വാക്കേറ്റവും; ഇരിങ്ങാലക്കുട നഗരസഭ യോഗങ്ങളിലെ അനിശ്ചിതാവസ്ഥ തുടരുന്നു.

ഇരിങ്ങാലക്കുട: നഗരസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് വന്ന ഭൂരിപക്ഷം അജണ്ടകളിലും വിയോജനക്കുറിപ്പുകൾ നല്‌കി പ്രതിപക്ഷം.ആകെയുള്ള 32 അജണ്ടകളിൽ 30 എണ്ണത്തിലും എൽഡിഎഫ് വിയോജനക്കുറിപ്പുകൾ നല്കിയപ്പോൾ, ബിജെപി 22 എണ്ണത്തിലാണ് വിയോജിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30 ന് ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലെ 24 അജണ്ടകളും പ്രതിപക്ഷ വിയോജിപ്പിനെ തുടർന്ന് പാസ്സായിരുന്നില്ല.
വെള്ളിയാഴ്ച മൂന്ന് മണിക്ക് ചേർന്ന യോഗത്തിൽ ,രണ്ട് അജണ്ടകളിൽ ഒഴിച്ച് 30 എണ്ണത്തിലും വിയോജിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ട ലംഘന വിഷയത്തിൽ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിട്ടും വോട്ടെടുപ്പ് നിഷേധിച്ച ചെയർപേഴ്സൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു.
നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഫിൻകോർപ്പ് സൗജന്യമായി നല്കിയ ആംബുലൻസിലെ ചൊല്ലി ചെയർപേഴ്സനും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും തമ്മിലുള്ള വാക്കേറ്റത്തിന് യോഗം സാക്ഷിയായി. 40 ദിവസങ്ങളായി അപകടത്തിൽ പെട്ട ആംബുലൻസ് അനാഥാവസ്ഥയിൽ ആണെന്നും ക്യത്യമായ ഇൻഷുറൻസ് ഇല്ലാതെ പാസ്സഞ്ചർ ആയി കൊച്ചിയിൽ ഓടിയിരുന്ന വണ്ടി നഗരസഭയിൽ ആംബുലൻസ് ആയി സർവീസ് നടത്തുകയായിരുന്നുവെന്നും ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി ചിലവഴിക്കേണ്ടി വരുന്ന 86600 രൂപ കൗൺസിലിൻ്റെ ബാധ്യതയാണെന്നും നഗരസഭയുടെ അനാസ്ഥയാണ് ഇതിൽ പ്രകടമാകുന്നതെന്നും സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. ചർച്ചക്കിടയിൽ ചെയർപേഴ്സൻ വല്ലാതെ ചിരിക്കരുതെന്ന് ബിജെപി അംഗം പറഞ്ഞതോടെ, ബിജെപി അംഗം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ്സ് നേതാവ് എം പി ജാക്സൻ്റെ പണിക്കാരിയെന്ന് തന്നെ ആക്ഷേപിച്ചുവെന്നും സംസ്കാരം എന്താണെന്ന് ബിജെപി നേതാവിന് അറിയില്ലെന്നും ചിരിക്കുന്നതും കരയുന്നതുമൊക്കെ തൻ്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത്തരം സംഭാഷണങ്ങൾ കുടുംബത്തിൽ ചെന്ന് പറഞ്ഞാൽ മതിയെന്നും ബിജെപി അംഗം ബ്ലാക്ക് മെയിൽ ശൈലിയുടെ ആളാണെന്നും ചെയർപേഴ്സൻ പ്രതികരിച്ചു. ആരെയാണ് താൻ ബ്ലാക്ക് മെയിൽ ചെയ്തതെന്ന് ചെയർപേഴ്സൻ വ്യക്തമാക്കണമെന്നും ഇരിക്കുന്ന കസേരയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നും സന്തോഷ് ബോബനും മറുപടി നല്കി.
പുത്തൻതോട് പാലത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിൽ ഒക്ടോബർ 11 മുതൽ 14 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം എർപെടുത്തുന്ന കാര്യം ചെയർപേഴ്സൻ യോഗത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി. യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: