എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങൾ ; ലൈസൻസ് റദ്ദ് ചെയ്യണമെന്നും വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം തള്ളി നഗരസഭാ യോഗം പിരിച്ച് വിട്ടു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം.

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങൾ ; ലൈസൻസ് റദ്ദ് ചെയ്യണമെന്നും വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം തള്ളി നഗരസഭാ യോഗം പിരിച്ച് വിട്ടു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം.

ഇരിങ്ങാലക്കുട: നിരന്തരമായി കോവിഡ്ചട്ടങ്ങൾ ലംഘിച്ച എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദ് ചെയ്യണമെന്നും ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം തള്ളി ചെയർപേഴ്സൻ നഗരസഭ യോഗം പിരിച്ച് വിട്ടു.എംസിപി കൺവെൻഷൻ സെൻ്ററിൽ നടന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്, ബിജെപി അംഗങ്ങൾ നേരത്തെ നല്കിയിരുന്ന കത്തിനെ തുടർന്ന് വിളിച്ച അടിയന്തരയോഗമാണ് പിരിച്ച് വിട്ടത്. എംസിപി യിൽ നടന്ന കോവിഡ് ലംഘനങ്ങളുടെ വിഷയത്തിൽ നഗരസഭ സ്വീകരിച്ച നടപടികൾ തൃപ്തികരമല്ലെന്നും ദുരന്തനിവാരണ നിയമവും പകർച്ചവ്യാധി നിയമവും മുനിസിപ്പൽ ആക്ടും അനുസരിച്ച് നടപടികൾ സ്വീകരിക്കണമെന്നും നിശ്ചിത കാലയളവിലേക്ക് കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും ഭൂരിപക്ഷം വരുന്ന എൽഡിഎഫ്, ബിജെപി അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ എംസിപി യിൽ നടന്ന കോവിഡ് ലംഘനങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും ലൈസൻസ് റദ്ദ് ചെയ്യാൻ അല്ലെന്നും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും കളക്ടറുടെ മറുപടി അറിഞ്ഞതിന് ശേഷം മാത്രമേ മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കാൻ കഴിയുകയുള്ളുമെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻ്റെ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദ് ചെയ്യാൻ നഗരസഭക്ക് അധികാരമില്ലെന്നും നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം നിരാകരിച്ച് കൊണ്ട് ചെയർപേഴ്സൻ പറഞ്ഞു.എംസിപി കൺവെൻഷൻ സെൻ്ററിൽ പരിശോധന നടത്താൻ ചെന്ന നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് സൂപ്രവൈസർക്ക് ഉണ്ടായ ദുരനുഭവങ്ങൾ വിവരിക്കാൻ അനുവാദം നല്കണമെന്ന ആവശ്യവും ഭരണ നേതൃത്യം നിരാകരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച യോഗത്തിൽ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബി, എൽഡിഎഫ് അംഗം അൽഫോൺസ തോമസ്, ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ എന്നിവർ എംസിപി യിൽ എല്ലാം നിയമങ്ങളെയും അവഗണിച്ച് നടന്ന ലംഘനങ്ങളും പരിശോധനക്ക് ചെന്ന സെക്ടറൽ മജിസ്ട്രേറ്റിനും ഹെൽത്ത് സൂപ്രവൈസർക്കും ഉണ്ടായ കടുത്ത അനുഭവങ്ങളും ചൂണ്ടിക്കാട്ടി. ആറ് മാസത്തേക്ക് കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നുവെന്നും തടഞ്ഞ് വച്ചതായി സെക്ടറൽ മജിസ്ട്രേറ്റിൻ്റെയോ ആരോഗ്യ വിഭാഗത്തിൻ്റെയോ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും നിയമം ലംഘിച്ച് എംസിപി പ്രവർത്തിക്കുന്നുണ്ടെങ്കിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം മൗനാനുവാദം നല്കിയെന്നാണ് മനസ്സിലാക്കുന്നതെന്നും ചെയർപേഴ്സൻ പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭ സ്വീകരിച്ച നടപടികളും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് അനുസരിച്ച് കൺവെൻഷൻ സെൻ്റർ അധികൃതരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതും സെക്രട്ടറി വിശദീകരിച്ചു. അധികൃതരുടെ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ എംസിപി ക്കെതിരെ നടപടിയും ഇക്കാര്യത്തിൽ വോട്ടെടുപ്പും ആവശ്യപ്പെട്ടത്. എന്നാൽ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആവർത്തിച്ച്, പ്രതിപക്ഷ അംഗം അഡ്വ ജിഷ ജോബി സംസാരിക്കുന്നതിനിടയിൽ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ച് ചെയർപേഴ്സനും ഭരണകക്ഷി അംഗങ്ങളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. യോഗം എകപക്ഷീയമായി പിരിച്ച് വിട്ടതിൽ എൽഡിഎഫ്, ബിജെപി അംഗങ്ങൾ സെക്രട്ടറിക്ക് തുടർന്ന് വിയോജനക്കുറിപ്പ് നല്കിയിട്ടുണ്ട്.

Please follow and like us: