കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിൻ മുരിയാടും
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുന്നതോടെ വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ പച്ചക്കറി – പഴവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും തിരഞ്ഞെടുത്ത 50 വീടുകളിലാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ മേൽനോട്ടത്തിൽ വീടുകളിൽ 3 സെൻ്റ് സ്ഥലത്തായി അഞ്ച് ഇനം പച്ചക്കറിത്തൈകളും രണ്ട് ഫലവൃക്ഷത്തൈകളുമാണ് കൃഷി ചെയ്യുക. തക്കാളി, പാവൽ, ചീര, മഞ്ഞൾ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി തുടങ്ങിയ പച്ചക്കറിത്തെകളും പപ്പായ, പേര, നെല്ലി, തുടങ്ങിയ ഫലവൃക്ഷങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രത്യേകം തയ്യാറാക്കിയ ഡിസൈൻ അനുസരിച്ചാണ് എല്ലാ വാർഡുകളിലും പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുന്നത്.
സ്പെഷ്യൽ അയൽക്കൂട്ടത്തിലെ സാന്ത്വനം ജെ ഐ ജി അംഗങ്ങളാണ് പ്രഥമ അഗ്രി ന്യൂട്രി ഗാർഡന് ആതിഥേയത്വം വഹിച്ചത്.
സി ഡി എസ് ചെയർപേഴ്സൺ ഷീജ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർമാൻ രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജിനി സതീശൻ, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത, കുടുംബശ്രീ കോർഡിനേറ്റർമാരായ നിഷ, ലക്ഷ്മി, ജോമി, സി ഡി എസ് മെമ്പർ വിനീത തുടങ്ങിയവർ സംസാരിച്ചു