കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷൻ വിതരണം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ കയ്യാങ്കളി; സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സംഘം; പ്രതിപക്ഷ കൗൺസിലറെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞു; നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി.

 

കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷൻ വിതരണം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ കയ്യാങ്കളി; സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സംഘം; പ്രതിപക്ഷ കൗൺസിലറെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞു; നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി.

ഇരിങ്ങാലക്കുട: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നത് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി .സംഘർഷം തടയാൻ എത്തിയ പോലീസ് സംഘം പ്രതിപക്ഷ കൗൺസിലറെ നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞതും പോലീസും എൽഡിഎഫും തമ്മിൽ വാക്കേറ്റമായതും രംഗങ്ങൾക്ക് തീവ്രത പകർന്നു.സംഘർഷങ്ങളെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ട നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗം നടത്താൻ ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന ചെയർപേഴ്സൻ്റെ ആമുഖത്തോടെയാണ് രാവിലെ 11 ന് യോഗം ആരംഭിച്ചത്. നഗരസഭ പരിധിയിലുള്ള കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷനുകളുടെ വിതരണത്തെക്കുറിച്ച് സെപ്റ്റംബർ 24 ന് 15 കൗൺസിലർമാർ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അടിയന്തരയോഗം വിളിച്ചിട്ടുള്ളതെന്നും ചെയർപേഴ്സൻ വിശദീകരിച്ചു. തുടർന്ന് വിഷയം അവതരിപ്പിച്ച ഭരണകക്ഷി കൗൺസിലർ ടി വി ചാർലി ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടിനെ തുടർന്ന് പെൻഷൻ വിതരണവും മുടങ്ങിയിരിക്കുകയാണെന്നും നഗരസഭ പരിധിയിലെ ഇരുപതോളം വാർഡുകളിൽ നിന്നുള്ളവരെ ഇത് ബാധിച്ചിരിക്കുകയാണെന്നും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ കോടികളുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നും വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ പ്രാദേശിക സിപിഎം നേതാക്കൾ നേരിട്ട അച്ചടക്ക നടപടികളിലേക്കും ടി വി ചാർലി കടന്നതോടെ, ക്ഷുഭിതരായ എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് കുറച്ച് സമയത്തേക്ക് യോഗം ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വെല്ലുവിളികളിലും ഉന്തിലും തളളിലും ആരോപണ- പ്രത്യാരോപണങ്ങളിലും മുങ്ങി. സംഘർഷത്തെ ക്കുറിച്ച് അറിഞ്ഞ സി ഐ എസ് പി സുധീരൻ, എസ് ഐ മാരായ വി ജിഷിൽ, ഷറഫുദീൻ എന്നിവരുടെ നേത്യത്തിലുള്ള പോലീസ് സംഘം യോഗത്തിൻ്റെ നിയന്ത്രണം എറ്റെടുത്തു. ബഹളങ്ങൾ തുടരുന്നതിനിടയിൽ എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യങ്ങൾ വിളിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മുദ്രാവാക്യങ്ങളുമായി ചെയർപേഴ്സൻ്റെ മുറിയുടെ മുമ്പിൽ എൽഡിഎഫ് അംഗങ്ങൾ കുത്തിയിരുന്നു. കരുവന്നൂർ ബാങ്കിൻ്റെ പേര് പറയുമ്പോൾ ആരും രോഷം കൊണ്ടിട്ട് കാര്യമില്ലെന്ന് സമാധാനപരമായി ആരംഭിച്ച യോഗത്തിൽ ചെയർപേഴ്സൻ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരിച്ച് നല്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പെൻഷൻ വിതരണം കരുവന്നൂർ ബാങ്കിൻ്റെ ചുമതലയിൽ നിന്ന് മാറ്റണമെന്നും ബിജെപി അംഗം ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ വകുപ്പ് മന്ത്രിയെ നേരിട്ട് നഗരസഭ സ്റ്റീയറിംഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കാണണമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും ആവശ്യപ്പെട്ടു.കരുവന്നൂർ ബാങ്കിലെ അഴിമതികളെക്കുറിച്ച് ചർച്ച ചെയ്തത് പോലെ മറ്റ് ബാങ്കുകളിലെ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും ടൗൺ സഹകരണ ബാങ്കിന് ആർബിഐ 50 ലക്ഷത്തിൻ്റെ പെനാൽറ്റി ചുമത്തിയതുമായി ബന്ധപ്പെട്ട് തങ്ങളും കത്ത് നല്കുമെന്നും സന്തോഷ് ബോബൻ പറഞ്ഞു.വൈസ് – ചെയർമാൻ പി ടി ജോർജ്ജ്, ഭരണകക്ഷി അംഗങ്ങളായ എം ആർ ഷാജു, ജെയ്സൻ പാറേക്കാടൻ, സുജ സഞ്ജീവ്കുമാർ, ബൈജു കുറ്റിക്കാടൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. പെൻഷൻ വിതരണത്തിലെ കാലതാമസം സംബന്ധിച്ച വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരാനുള്ള തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്. തുടർന്ന് തൻ്റെ മുറിയിലേക്ക്‌ പ്രവേശിക്കാൻ ശ്രമിച്ച ചെയർപേഴ്സനെ ,മുറിയുടെ മുന്നിൽ കുത്തിയിരിക്കുകയായിരുന്ന എൽഡിഎഫ് അംഗങ്ങൾ തടഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഉന്തും തള്ളലും തടയാൻ പോലീസും ശ്രമിച്ചതോടെ വീണ്ടും സംഘർഷം ഉടലെടുത്തു. ബഹളങ്ങൾക്കിടയിൽ എൽഡിഎഫ് അംഗം നസീമ കുഞ്ഞുമോൻ നിലത്ത് വീണു. ഇതിനിടയിൽ നിന്ന് എൽഡിഎഫ് അംഗവും ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിനെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് ,താഴെ പ്രതിഷേധവുമായി നിന്നിരുന്ന എൽഡിഎഫ് നേതാക്കളായ വി എ മനോജ്കുമാർ, പി മണി എന്നിവരുടെ നേത്യത്വത്തിൽ തടഞ്ഞു. പോലീസിന് എതിരായി പ്രകോപനപരമായ മുദ്രാവാക്യങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി. കേരളം ഭരിക്കുന്നത് ആരാണെന്ന് പോലീസ് മറക്കരുത് എന്ന മുന്നറിയിപ്പും എൽഡിഎഫ് നേതാക്കൾ നല്കുന്നുണ്ടായിരുന്നു. സംഘർഷത്തിനിടയിൽ നഗരസഭ മൈതാനത്ത് വീണ സി സി ഷിബിനെ എൽഡിഎഫ് പ്രവർത്തകരുടെ നേത്യത്വത്തിൽ കാറിൽ കയറ്റി കൊണ്ട് പോയി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷങ്ങൾക്കിടയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട എൽഡിഎഫ് കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, ടി കെ ജയാനന്ദൻ, എൻ എസ് സഞ്ജയ് എന്നിവരും താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ധാർഷ്ട്യത്തിൻ്റെ പ്രതീകമായ നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി ഇരിങ്ങാലക്കുടയുടെ മുഖ്യമന്ത്രി ചമയുകയാണെന്നും തദ്ദേശസ്ഥാപനത്തിൻ്റെ പരിധിയിൽ ഉൾപ്പെടാത്ത വിഷയം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നും എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഡാലോചനയാണ് ഇതിൻ്റെ പുറകിൽ ഉള്ളതെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു.സംഭവങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനവും നടത്തി.

Please follow and like us: