ദുരന്തകാലത്തെ സുരക്ഷിത താവളം : ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രം അഴീക്കോട് തുറന്നു.
കൊടുങ്ങല്ലൂർ: ദുരന്തസമയങ്ങളിൽ തീരദേശത്തുള്ളവർക്ക് സുരക്ഷിത താവളമൊരുക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് അഭയകേന്ദ്രം (സൈക്ലോൺ ഷെൽട്ടർ) അഴീക്കോട് പ്രവർത്തനമാരംഭിച്ചു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ അഭയകേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുത്തു. തൃശൂർ ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രമാണിത്. പ്രകൃതി ദുരന്തങ്ങളിൽ വിഷമഘട്ടത്തിലാകുന്ന ജനങ്ങൾക്ക് താമസിക്കാനുള്ള താൽകാലിക സംവിധാനമാണിത്. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൂന്നുനില കെട്ടിടം യാഥാർത്ഥ്യമായത്. അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, കടലേറ്റം, പ്രളയം എന്നിവയില്‍നിന്ന് തീരദേശവാസികളെ എത്രയും വേഗം സുരക്ഷിതസ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം.
തീരദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവുന്ന അഭയകേന്ദ്രം തീരവാസികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. രൂക്ഷമായ കടൽക്ഷോഭം ഏറ്റവുമധികം നേരിടുന്ന ജില്ലയിലെ എറിയാട് പഞ്ചായത്തിൽ തന്നെ അഭയകേന്ദ്രം നിർമിക്കണമെന്ന ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. മൂന്ന് നിലകളിലായി 7500 ചതുരശ്ര അടിയിൽ മൂന്ന് കോടി രൂപ ചെലവിലാണ് അഴീക്കോട് മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടറിന്റെ കെട്ടിടം പൂർത്തിയായത്. 600 മുതൽ 800 ആളുകളെ വരെ ഒരേ സമയം ഷെൽറ്ററിൽ പാർപ്പിക്കാം. വിവിധോദ്ദേശ്യങ്ങൾക്ക് ഉപകരിക്കും വിധമാണ് കേന്ദ്രത്തിന്റെ നിര്‍മാണം. കെട്ടിടത്തിന്റെ എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികൾക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, വിശാലമായ പൊതു അടുക്കള, ജനറേറ്ററുകള്‍ എന്നിവയുണ്ട്. ഫര്‍ണീച്ചറുകളും അടുക്കള ഉപകരണങ്ങളും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഉടന്‍ ലഭ്യമാക്കും. ഇതിനുള്ള കോർപ്പസ് ഫണ്ടായി 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക. കോർപ്പസ് ഫണ്ടായി അനുവദിച്ച ഇരുപത് ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന്റെ പലിശയിനത്തിൽ വരുന്ന തുക കമ്മിറ്റിക്ക് ഷെൽട്ടറിന്റെ നടത്തിപ്പിനായി രണ്ട് വർഷത്തിനുശേഷം ഉപയോഗിക്കാം. അതുവരെയുള്ള ഷെൽട്ടറിന്റെ അറ്റകുറ്റപണികളുടെ ചുമതല കരാറുകാരനിൽ നിക്ഷിപ്തമായിരിക്കും. വരുമാനം കണ്ടെത്തുന്നതിനായി ഷെൽട്ടറിനെ താൽകാലികമായി വാടകയ്ക്കും നൽകാം.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ മതിപ്പ് ചെലവ് 15,795 കോടി രൂപയാണ്. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിൽ വസിക്കുന്നവരെ ദുരന്തമുണ്ടാകുന്ന സമയങ്ങളിൽ താൽകാലികമായി പാർപ്പിക്കുന്നതിന് 17 അഭയകേന്ദ്രങ്ങൾ നിർമിക്കുന്നതിൽ രണ്ടെണ്ണമാണ് തൃശൂർ ജില്ലയിലെ അഴീക്കോട്, കടപ്പുറം വില്ലേജുകളിലായി അനുവദിച്ചത്. നിലവിൽ 11 അഭയകേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ച് ബന്ധപ്പെട്ട സൈക്ളോൺ ഷെൽട്ടർ മെയിന്റനൻസ് മാനേജ്മെന്റ് കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്.