എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും ഓൺലൈൻ നഗരസഭ യോഗത്തെയും ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ; പ്രതിപക്ഷം വിയോജനക്കുറിപ്പുകൾ നല്കിയതോടെ അജണ്ടകൾ പാസ്സാക്കാനാകാതെ ഭരണപക്ഷം; കള്ളത്തരത്തിനും അഴിമതിക്കും യുഡിഎഫ് ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്ന് ഭരണനേത്യത്വം.

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും ഓൺലൈൻ നഗരസഭ യോഗത്തെയും ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ; പ്രതിപക്ഷം വിയോജനക്കുറിപ്പുകൾ നല്കിയതോടെ അജണ്ടകൾ പാസ്സാക്കാനാകാതെ ഭരണപക്ഷം; കള്ളത്തരത്തിനും അഴിമതിക്കും യുഡിഎഫ് ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്ന് ഭരണനേത്യത്വം.

ഇരിങ്ങാലക്കുട: എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും കൗൺസിൽ ഓൺലൈനിൽ ചേരുന്നതിനെയും ചൊല്ലി നഗരസഭയുടെ ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കൗൺസിൽ ഹാളിൽ എൽഡിഎഫ് അംഗങ്ങളുടെ വായ്മൂടി കെട്ടിയുള്ള പ്രതിഷേധങ്ങളും ബിജെപി അംഗങ്ങളുടെ മുദ്രാവാക്യ വിളികളും ഉയർന്നപ്പോൾ ഓൺ ലൈൻ യോഗം പ്രഹസനമായി. ആകെയുള്ള 24 അജണ്ടകളിൽ 23 എണ്ണത്തിലും എൽഡിഎഫും ബിജെപി യും വിയോജനക്കുറിപ്പുകൾ നല്കുകയും ചെയ്തതോടെ 23 അജണ്ടകളും പാസ്സായതുമില്ല.
രാവിലെ 11 മണിയോടെ യോഗം ആരംഭിച്ചപ്പോൾ തന്നെ എംസിപി കൺവെൻഷൻ സെൻ്ററിൽ നടന്ന കോവിഡ് ലംഘനങ്ങളും നഗരസഭ സ്വീകരിച്ച നടപടികളിൽ ചർച്ചയും പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു .നിശ്ചിത അജണ്ടകൾക്ക് ശേഷം ചർച്ചയാകാമെന്ന നിലപാട് ചെയർപേഴ്സൻ എടുത്തതോടെ, കൗൺസിൽ ഹാൾ എൽഡിഎഫ്, ബിജെപി അംഗങ്ങൾ പ്രതിഷേധ നടപടികളിലേക്ക് കടക്കുകയായിരുന്നു. തങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകാത്ത ധിക്കാരപരമായ സമീപനമാണ് ചെയർപേഴ്സൺ സ്വീകരിക്കുന്നതെന്നും 41 അംഗ ഭരണസമിതിയിൽ ഭരണകക്ഷിയായ യുഡിഎഫ് ന്യൂനപക്ഷമാണെന്ന കാര്യം വിസ്മരിച്ച് ധാർഷ്ട്യത്തോടെയാണ് ഭരണനേത്യത്വം പെരുമാറുന്നതെന്നും സ്വകാര്യ കമ്പനിയായ കെഎസ്ഇ യുടെ വാക്സിൻ വിതരണത്തെ ഔദ്യോഗിക പരിപാടിയായി മാറ്റാനാണ് ചെയർപേഴ്സൺ ശ്രമിക്കുന്നതെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. ചില വ്യക്തികളുടെ കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് യുഡിഎഫ് കൗൺസിലർമാർ നിലകൊള്ളുന്നതെന്നും തിരുവനന്തപുരം കോർപ്പറേഷൻ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിൽ കൗൺസിൽ യോഗങ്ങൾ ഓഫ് ലൈനായിട്ടാണ് നടക്കുന്നതെന്നും 41 പേരിൽ 24 പേരും ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ ചെയർപേഴ്സൻ തയ്യാറാകണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിനായി കൗൺസിൽ ഹാളിൽ ഇരിക്കാറുള്ള ചെയർപേഴ്സൺ സ്വന്തം ചേംബറിൽ ഒളിച്ചിരുന്നാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും ബിജെപി പരിഹസിച്ചു. എന്നാൽ യുഡിഎഫ് ഒരു അഴിമതിക്കും കള്ളത്തരത്തിനും കൂട്ട് നിന്നിട്ടില്ലെന്നും എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ട ലംഘന വിഷയത്തിൽ ഉദ്യോഗസ്ഥർ ക്യത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കരുവന്നൂർ ബാങ്ക് വിഷയത്തിൽ അച്ചടക്ക നടപടിക്ക് വിധേയയായ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയും എൽഡിഎഫ് കൗൺസിലർമാരും നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണത്തെക്കുറിച്ച് ഇതു വരെ മിണ്ടിയിട്ടില്ലെന്നും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പറഞ്ഞു. നഗരസഭ ജീവനക്കാരിയായ ഭാര്യയുടെ ട്രാൻസ്ഫർ ഒഴിവാക്കാനും വേറെയും കാര്യങ്ങൾക്കും വേണ്ടിയുമാണ് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ എൽഡിഎഫുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും ചെയർപേഴ്സൺ ആരോപിച്ചു. യോഗം അവസാനിച്ചതിന് ശേഷം എൽഡിഎഫും ബിജെപി യും വിയോജനക്കുറിപ്പുകളും നല്കി. എംസിപി വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.കെഎസ്ഇ കമ്പനിയുടെ വാക്സിൻ കൂപ്പണുകൾ വിതരണം ചെയ്ത നഗരസഭ ജീവനക്കാരിക്കെതിരെ എൽഡിഎഫ് നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം അംഗങ്ങളും വിയോജനക്കുറിപ്പ് നല്കിയ സാഹചര്യത്തിൽ അജണ്ടകൾ പാസ്സായിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: