ഗൃഹനാഥനെ വൈരാഗ്യത്തിന്റെ പേരിൽ
ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച
കേസിൽ ഒളിവിലായിരുന്ന റൗഡി
പിടിയിൽ പിടിയിലായത് ബാംഗ്ലൂരിൽ
നിന്നും തിരുവനന്തപുരത്തേക്ക്
കടക്കാൻ ശ്രമിക്കുന്നതിനിടെ.
ചാലക്കുടി: പോട്ട പനമ്പിള്ളി കോളേജ്
പരിസരവാസിയായ വീട്ടുടമയെ മുൻ
വൈരാഗ്യത്തിന്റെ പേരിൽ
ബോംബെറിഞ്ഞു കൊലപ്പെടുത്താൻ
ശ്രമിച്ച കേസിൽ റൗഡിയായ
യുവാവിനെ ചാലക്കുടി ഡിവൈഎസ്പി
സി.ആർ സന്തോഷിന്റെ
നിർദ്ദേശപ്രകാരം സർക്കിൾ
ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ്
ഇൻസ്പെക്ടർ എം.എസ് ഷാജൻ
എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.
നിരവധി അടി പിടി കേസുകളിലും മറ്റും
പ്രതിയായ പനമ്പിള്ളി കോളേജിന്
പിറകിൽ താമസിക്കുന്ന മുല്ലശേരി
വീട്ടിൽ മിഥുൻ ഗോപി (22 വയസ്) ആണ്
ഒളിവിൽ കഴിയുന്നതിനിടെ
പിടിയിലായത്. അടി പിടി കേസുകളിലും
മറ്റും പ്രതിയായ ഈ യുവാവ് ചാലക്കുടി
പോലീസ് സ്റ്റേഷനിലെ റൗഡി
ലിസ്റ്റിൽപെട്ടയാളാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരി
മാസത്തിലാണ് കേസിനാസ്പദമായ
സംഭവം നടന്നത്. നിരവധി ക്രിമിനൽ
കേസുകളിൽ പ്രതിയായ കുപ്രസിദ്ധ
ക്രിമിനൽ വെട്ടുക്കൽ ഷെജുവിന്റെ
നേതൃത്വത്തിലുള്ള സംഘത്തിനെതിരെ
പോലീസിന് വിവരം ചോർത്തി
നൽകിയെന്ന സംശയത്തിന്റെ പേരിൽ
ഷെജുവും സംഘവും പനമ്പിള്ളി
കോളേജിന് സമീപം താമസിക്കുന്ന
പരാതിക്കാരനെ വകവരുത്തുമെന്ന്
ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ
ചാലക്കുടി സ്റ്റേഷനിൽ
പരാതിപ്പെട്ടതിന്റെ പേരിൽ കേസ്
രജിസ്റ്റർ ചെയ്തതിന്റെ
വൈരാഗ്യത്തിലാണ് ഷെജുവും
സിൽബന്ധിയായ മിഥുനും വീട്ടുടമയുടെ
നേരെ നാടൻ ബോംബെറിഞ്ഞ്
കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഷെജുവിനെ പിടികൂടിയെങ്കിലും
ബാംഗ്ലൂരിലേക്ക് കടന്ന മിഥുൻ അവിടെ
മഡിവാളയിൽ ഒളിവിൽ
കഴിയുകയായിരുന്നു. ഇതിനെ തുടർന്ന്
ചാലക്കുടി ഡിവൈഎസ്പി സി.ആർ
സന്തോഷിന്റെ നിർദ്ദേശപ്രകാരം
സർക്കിൾ ഇൻസ്പെക്ടർ കെ.എസ്
സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്
ഷാജൻ, എഎസ് ഐ ഷിബു സി.പി.
സീനിയർ സിപിഒമാരായ എ.യു റെജി,
ഷാജു കട്ടപ്പുറം, വിജയകുമാർ, ജിബി
ടി.സി എന്നിവരെ ഉൾപ്പെടുത്തി
പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച്
നടത്തിയ അന്വേഷണത്തിൽ മിഥുൻ
മഡിവാളയിൽ ഉണ്ടെന്ന് സൂചന
കിട്ടിയതിനെ തുടർന്ന്
പ്രത്യേകാന്വേഷണ സംഘം
അവിടെയെങ്കിലും പോലിസിന്റെ
സാന്നിധ്യം മനസിലാക്കിയ മിഥുൻ
രക്ഷപെട്ട് തിരുവനന്തപുരത്തേക്ക്
കടക്കാൻ ശ്രമിക്കുന്നതിനിടെ
വസ്ത്രങ്ങൾ മാറാൻ വീട്ടിലേക്ക്
പോകുന്ന വഴിയിൽ വീടിനു സമീപത്തു
നിന്നും പുലർച്ചെ പിടികൂടുകയായിരുന്നു.
പിടിയിലായ മിഥുനെ ചാലക്കുടി
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം
ചെയ്ത ശേഷം വൈദ്യ പരിശോധനയും
മറ്റും നടത്തി കോവിഡ് മാനദണ്ഡങ്ങൾ
പാലിച്ച് കോടതിയിൽ ഹാജരാക്കി.
ചാലക്കുടിയിലും പരിസരത്തുമായി
ഒതുക്കപ്പെട്ടിരുന്ന ക്രിമിനൽ സംഘങ്ങൾ
കോവിഡ് മഹാമാരിയെ തുടർന്ന്
ലഭിക്കുന്ന അനുകൂല സാഹചര്യങ്ങൾ
മുതലെടുത്ത് തലപൊക്കാൻ
ശ്രമിക്കുന്നതിനെതിരെ ശക്തമായ
നിയമനടപടികളിലേക്ക്
കടന്നിരിക്കുകയാണ് ചാലക്കുടി
പോലീസ്.