മുസിരിസ് ബോട്ട് ജെട്ടികൾ
ക്യാൻവാസുകളാകുന്നു കോട്ടപ്പുറം
കായലോരത്ത് ‘സുധി’യുടെ ജീവൻ
തുടിക്കുന്ന വരകൾ.
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക
പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട്
ജെട്ടിയുടെ ചുമരുകൾ ക്യാൻവാസാക്കി
സുധി ഷബുഖൻ എന്ന ചിത്രകാരൻ.
സുധിക്ക് മാത്രമല്ല മുസിരിസ് പൈതൃക
പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട്
ജെട്ടികളുടെയും ചുമരുകൾ ഇനി
നിരവധി ചിത്രകാരന്മാർക്ക്
ക്യാൻവാസുകളാകും.
ബോട്ട് ജെട്ടികളുടെ
സൗന്ദര്യവൽക്കരണത്തിന്റെ
ഭാഗമായാണ് മതിലുകൾ
മനോഹരമാക്കുന്നത്. ആദ്യഘട്ടത്തിൽ
സുധി ഷമ്മുഖന്റെ നേതൃത്വത്തിൽ
കൊടുങ്ങല്ലൂർ മുസിരിസ് കോട്ടപ്പുറം
ബോട്ട് ജെട്ടിയിലാണ് ചുമർചിത്ര രചന
ആരംഭിച്ചിരിക്കുന്നത്. തുടർന്ന് മറ്റ്
ബോട്ടുജെട്ടികളിലേക്കും പദ്ധതി
വ്യാപിപ്പിക്കും.
സൗന്ദര്യവൽക്കരണത്തിനൊപ്പം
പ്രാദേശിക കലാകാരന്മാരെ
പ്രോത്സാഹിപ്പിക്കുക എന്നതാണ്
പദ്ധതിയുടെ ലക്ഷ്യമെന്ന് മുസിരിസ്
പൈതൃക പദ്ധതി മാനേജിംഗ്
ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.
പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിയായ
സുധി ഷബുഖൻ ജീവൻ തുടിക്കുന്ന
ചിത്രങ്ങൾ വരച്ചാണ് കോട്ടപ്പുറം
കായലോരത്തെ ബോട്ട് ജെട്ടിയെ
മനോഹരമാക്കിയിരിക്കുന്നത്. ബോട്ട്
ജെട്ടി നിൽക്കുന്ന ഭാഗം പൂർണമായും
ചിത്രങ്ങൾ കൊണ്ട് നിറയ്ക്കും.
തൂണുകളിൽ മ്യൂറൽ പെയിന്റിങ്
ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് സുധി
പറഞ്ഞു. കഴിഞ്ഞ 25 വർഷമായി
ചിത്രകലാ രംഗത്ത് സജീവമായ സുധി
ഷബുഖൻ, തീരദേശ ഗ്രാമമായ
കൊടുങ്ങല്ലൂരിന്റെ ഗ്രാമീണ
ജീവിതമാണ് മുസിരിസിൽ വരച്ചു
ചേർത്തിരിക്കുന്നത്. തഴപ്പായ നെയ്യുന്ന
മുത്തശ്ശിയും വല വീശാൻ പോകുന്ന
മുക്കുവനും തൊട്ട് പുരാതന മുസിരിസ്
തുറമുഖ പട്ടണത്തിലേക്ക് വന്നെത്തിയ
നാവികൻ വരെ ഇതിൽപ്പെടും.
ബോട്ട് ജെട്ടിയുടെ പിറകിൽ
കുട്ടികൾക്കുള്ള പാർക്കായതിനാൽ
അവരെ ആകർഷിക്കാനുള്ള
ചിത്രങ്ങളും വരച്ചിട്ടുണ്ട്. മുസിരിസ്
ബിനാലെയിൽ ഉപയോഗിച്ച
വർണ്ണങ്ങളും ഛായക്കൂട്ടുകളും
തന്നെയാണ് ഇവിടെയും. സുധിക്ക്
സഹായിയായി സുഹൃത്തായി
ബാബുരാജുമുണ്ട്. ഒരു മാസത്തിനകം
ചിത്രരചന പൂർത്തീകരിക്കും.
നേരത്തെ മുസിരിസ് ബിനാലെയുടെ
ഭാഗമായി ബോട്ട് ജെട്ടിക്ക് അരികിലുള്ള
ആംഫി തിയറ്റർ പരിസരത്തെ ചുവരിൽ
വരച്ച ചിത്രം ഏറെ
ശ്രദ്ധയാകർഷിച്ചിരുന്നു. ചേരമാൻ ജുമാ
മസ്ജിദ്, കീഴ്ത്തളി ശിവക്ഷേത്രം,
മാർത്തോമ തീർത്ഥാടന കേന്ദ്രം,
പാലിയം കൊട്ടാരം തുടങ്ങിയ ചരിത്ര
ഗേഹങ്ങളുടെ ചിത്രങ്ങളാണ്
അഴകോടെ വരച്ചു ചേർത്തിരുന്നത്.