അന്നമനട ഇനി മുതൽ വ്യവസായ ഗ്രാമം, പദ്ധതി പ്രഖ്യാപിച്ച് വ്യവസായ മന്ത്രി.

അന്നമനട ഇനി മുതൽ വ്യവസായ ഗ്രാമം,
പദ്ധതി പ്രഖ്യാപിച്ച് വ്യവസായ മന്ത്രി.

മാള: അന്നമനട ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ വ്യവസായ ഗ്രാമമായി അറിയപ്പെടും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന വ്യവസായ ഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപശാലയുടെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ നിർവഹിച്ചു.

അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റുകയെന്ന സ്വപ്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഗ്രാമമെന്നതിൽ നിന്ന് എങ്ങനെ അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റാം എന്ന വലിയ ആശയമാണ് സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ പ്രാവർത്തികമാക്കാൻ പോകുന്നത്.

കർഷകന് കൂടുതൽ വരുമാനം ഉണ്ടാകണമെങ്കിൽ ഉൽപന്നങ്ങൾക്ക് മൂല്യ വർധനവുണ്ടാകണം. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവ് എങ്ങനെ സാധ്യമാക്കാം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫുഡ്‌ പ്രോസസിങ്ങാണ് ഇതിനായി കണ്ടെത്തിയിട്ടുള്ള പ്രധാന മാർഗം.
ഇതിന്റെ ഭാഗമായിട്ടാണ് ഒരു ജില്ലയ്ക്ക് ഒരു ഉൽപന്നം എന്ന പദ്ധതിയിലേക്കെത്തുന്നത്.

എല്ലാവിധ സംരംഭങ്ങൾക്കും കൂടുതൽ പിന്തുണയും സഹായവും നൽകി പുതിയ വ്യവസായ സംസ്ക്കാരത്തിന് തുടക്കം കുറിക്കുക എന്നത് സർക്കാർ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ട സഹായങ്ങളും മാർഗ നിർദ്ദേശങ്ങളും നൽകി മെച്ചപ്പെട്ട നിലവാരത്തിലേക്കെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഹെൽപ് ഡെസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽനാഥ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ സി രവി, അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, വൈസ് പ്രസിഡന്റ്‌ ടെസ്സി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ സതീശൻ, സിന്ധു ജയൻ, കെ ഇ ഇക്‌ബാൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഡോ.കൃപ കുമാർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പത്രാധിപൻ കെ സുകുമാരൻ സ്മാരക പുരസ്‌കാരം 2021ന് അർഹനായ ഇ പി രാജീവിന് മൊമെന്റോ നൽകി മന്ത്രി ആദരിച്ചു.

കൃഷി, കാർഷിക ഭക്ഷ്യാധിഷ്ഠിത ഉൽപന്നങ്ങൾ, പാലുൽപന്നങ്ങൾ, കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, റെഡിമെയ്ഡ്സ് ഗാർമെൻസ്,
ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, മൃഗ സംരക്ഷണം, കരകൗശലം, ടൂറിസം, വിവരസാങ്കേതിക വിദ്യ, പരമ്പരാഗത മേഖലകൾ, സേവനം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മ, ചെറുകിട വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ പ്രവർത്തകർ, പ്രവാസികൾ, അഭ്യസ്തവിദ്യർ, വീട്ടമ്മമാർ, ഭിന്നശേഷിക്കാർ, കർഷകർ എന്നിവർ പദ്ധതിയുടെ ഭാഗമായി സംരംഭകരായി വരും. വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, കാർഷിക സർവ്വകലാശാല, ഖാദി, വില്ലേജ്, കയർ വകുപ്പ്, ഫിഷറീസ്, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എം എസ് എം ഇ, എസ് സി, പിന്നോക്ക വികസന കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Please follow and like us: