കുട്ടികള്‍ക്ക് കളിക്കാം.. വരയ്ക്കാം…
ശിശു സൗഹൃദ കേന്ദ്രമൊരുക്കി കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്
കൊടുങ്ങല്ലൂര്‍: പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ പടം വരയ്ക്കാം, കളിക്കാം. സംസ്ഥാനത്തെ മാതൃകാ പൊലീസ് സ്റ്റേഷനുകളിലൊന്നായ കൊടുങ്ങല്ലൂര്‍ സ്റ്റേഷന് ഇനി മുതല്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്. ശിശു സൗഹൃദ പൊലീസ് കേന്ദ്രത്തിന്റെ
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊലീസിന്റെ പ്രവര്‍ത്തന മഹത്വം മനസ്സിലാക്കാനുള്ള സാഹചര്യം
ശിശു സൗഹൃദ കേന്ദ്രങ്ങളിലെത്തുന്നവര്ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം നേരിട്ട ദുരന്തമുഖങ്ങളില്‍ നടത്തിയ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ പൊലീസ് സേനയ്ക്ക് പ്രത്യേകമായൊരു മുഖം ആര്‍ജ്ജിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.വി ആര് സുനില്‍കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ശിശു സൗഹൃദ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായുള്ള തൊട്ടില്, കട്ടില്, ഇരിപ്പിട സൗകര്യം, ലൈബ്രറി, കളിയുപകരണങ്ങള്‍, കുടിവെള്ള സംവിധാനം, ശുചിമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം
സ്റ്റേഷനില്‍ എത്തുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. പുസ്തകങ്ങള്‍ക്കൊപ്പം ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളെയും മറ്റു പല കാരണങ്ങളാല്‍ രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനുകളില്‍ എത്തപ്പെടുന്ന കുട്ടികളെയും മാനസിക പിരിമുറുക്കമില്ലാതെ സ്വീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സംവദിക്കാനും അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കുട്ടികളുമായി ബസപ്പെട്ട ഏതു വിഷയങ്ങള്‍ക്കും ശിശു സൗഹൃദ സ്റ്റേഷനില്‍ നിന്ന് വേഗത്തില്‍ പരിഹാരം ലഭിക്കും. സ്റ്റേഷനിലെത്തുന്ന കുട്ടികളുമായി സംവദിക്കാന്‍ എസ് ഐ, വനിതാ പൊലീസ് എന്നിങ്ങനെ രണ്ട് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും സ്റ്റേഷന് സന്ദര്‍ശിക്കാനും സമയം ചിലവഴിക്കാനും കഴിയും.
സംസ്ഥാനത്ത് ഇത്തരത്തില്‍ 20 പൊലീസ് സ്റ്റേഷനുകളാണ് മുഖ്യമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടുകൂടി സമീപിക്കാവുന്ന രീതിയിലുള്ള കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ ലക്ഷ്യം.
എസ് എച്ച് ഒ ബ്രിജുകുമാര്‍ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്മാന് കെ ആര് ജൈത്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി എസ് സുമേഷ്, എസ് ഐ സൂരജ് കെ എസ്, അഡീഷണല്‍ എസ് ഐ ബിജു എന്‍ പി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.