ബാലൻമാരെ പ്രകൃതി വിരുദ്ധ
പീഡനത്തിന് ഇരയാക്കിയ കേസിൽ
ഒരാൾ പിടിയിൽ പിടിയിലായത്
കൊള്ളയും മോഷണവുമടക്കം നിരവധി
ക്രിമിനൽ കേസുകളിലെ പ്രതി.
ചാലക്കുടി: ആൺകുട്ടികളെ പ്രകൃതി
വിരുദ്ധ പീഡനത്തിനിരയാക്കിയ
കേസിലെ പ്രതിയെ ചാലക്കുടി
ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ
നേതൃത്വത്തിൽ പിടികൂടി. കൊരട്ടി
മേലൂർ കൂവക്കാട്ട്കുന്ന് സ്വദേശി
പേരുക്കുടി വീട്ടിൽ വിവേക് (36 വയസ്)
ആണ് പിടിയിലായത്. ഇയാൾ ദേശീയ
പാത കേന്ദ്രീകരിച്ചും മറ്റും ആളുകളെ
ആക്രമിച്ച് കവർച്ച നടത്തിയ
കേസുകളിലും യുവാവിനെ
ക്രൂരമായി ആക്രമിച്ച കേസിലും,
ചാലക്കുടി, ആളൂർ, കൊടകര
എന്നിവിടങ്ങളിൽ നിരവധി അടിപിടി
കേസുകളിലും മറ്റും പ്രതിയാണ്.
കഴിഞ്ഞയാഴ്ചയാണ് വിവേകിനെതിരെ
പരാതിയുമായി മാതാപിതാക്കൾ
പോലീസിനെ സമീപിച്ചത്. 12 ഉം 13 ഉം
വയസുള്ള ബാലൻമാരെയാണ് വിവേക്
പ്രകൃതി വിരുദ്ധ പീഡനത്തിന്
വിധേയനാക്കിയതായി പരാതി
ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ
സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ
മാതാപിതാക്കൾ വിവരങ്ങൾ
ചോദിച്ചറിഞ്ഞപ്പോൾ ഒരു കുട്ടി
വിവേകിന്റെ ക്രൂരതകൾ
വെളിപ്പെടുത്തുകയായിരുന്നു.
മദ്യത്തിന്റെയും കഞ്ചാവിന്റെയും
അടിമയായ വിവേക് ബാലൻമാരെ
മധുര പലഹാരങ്ങളും മറ്റും നൽകി
പ്രലോഭിപ്പിച്ചും
ഭീഷണിപ്പെടുത്തിയുമാണ്
വശത്താക്കിയതെന്നാണ് പോലീസ്
അനുമാനിക്കുന്നത്.
സ്ഥിരമായി പണിക്ക് പോകാതെ
മദ്യപിച്ചും മറ്റ് ലഹരി വസ്തുക്കൾ
ഉപയോഗിച്ചും നടക്കുന്ന
ശീലക്കാരനാണ് വിവേക്. ലഹരി
വസ്തുക്കൾ ഉപയോഗിച്ചാൽ
അക്രമാസക്തനാകുന്ന ഇയാളെ സ്വന്തം
വീട്ടിൽ കയറ്റാറില്ല. മദ്യപ സംഘത്തിലും
മറ്റും പങ്കെടുത്ത ശേഷം ഒഴിഞ്ഞ
കടവരാന്തകളിലും മറ്റുമായി കഴിഞ്ഞു
വരികയാണ്.
ചെറുപ്പത്തിലേ മുരിങ്ങർ
കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ക്രിമിനൽ
പുട്ടാലുഷമീറടക്കമുള്ള കൊള്ള
സംഘത്തിനോടൊപ്പം
പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.
ഈ സംഘത്തോടൊപ്പം 2005 ൽ
വാഹനങ്ങൾ ആക്രമിച്ച് യാത്രക്കാരെ
മുളക് പൊടിയെറിഞ്ഞും ഇരുമ്പുവടി
കൊണ്ടാക്രമിച്ചും കൊള്ളയടിച്ചതിനും ,
2009 ൽ ദേശീയ പാതയിൽ കൊരട്ടി
കോട്ടമുറി എന്ന സ്ഥലത്ത് പുലർച്ചെ
അപകടത്തിൽ പെട്ട കാർ യാത്രികരെ
ആക്രമിച്ച് സ്വർണ്ണവും ഇരുപത്തി
അയ്യായിരത്തോളം രൂപയും കവർച്ച
ചെയ്ത കേസിലും, മേലൂർ സ്വദേശിയെ
ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ
ശ്രമിച്ച കേസിലും കൊടകര , ചാലക്കുടി,
ആളൂർ സ്റ്റേഷനുകളിൽ ഒട്ടനവധി
അടിപിടി കേസുകളിലും പ്രതിയാണ്.
കുട്ടികളുടെ പരാതിയെ തുടർന്ന് കേസ്
രജിസ്റ്റർ ചെയ്തതറിഞ്ഞ വിവേക്
ഒളിവിൽ പോവുകയും ആളൂർ,
കൊളത്തൂർ, തൃശൂർ ടൗൺ മുതലായ
സ്ഥലങ്ങളിൽ ഒളിവിൽ
കഴിയുകയുമായിരുന്നു.
ഇതിനെ തുടർന്ന് ചാലക്കുടി സർക്കിൾ
ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ്
ഇൻസ്പെക്ടർ എം.എസ് ഷാജൻ,
ചാലക്കുടി ഡിവൈഎസ്പിയുടെ
കീഴിലെ ക്രൈം സ്ക്വാഡ് അംഗങ്ങളായ
സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്,
പി.എം മൂസ, വി.യു സിൽജോ, എ.യു
റെജി, ബിനു എം.ജെ, ഷിജോ തോമസ്,
ചാലക്കുടി സ്റ്റേഷനിലെ സീനിയർ സിപിഒ
അഭിലാഷ് പി.എ എന്നിവരെ
ഉൾപ്പെടുത്തി പ്രത്യേകാന്വേഷണ സംഘം
രൂപീകരിച്ച് അന്വേഷണം
നടത്തിയതിനെ തുടർന്നാണ് വിവേക്
പിടിയിലായത്.
ചാലക്കുടി സ്റ്റേഷനിലെത്തിച്ച്
വിശദമായി ചോദ്യം ചെയ്തപ്പോൾ
ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന്
വൈദ്യ പരിശോധനയും മറ്റും
പൂർത്തിയാക്കി കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ
ഹാജരാക്കും.