അവധി ദിനത്തിൽ മദ്യവില്പന നടത്തിയ ഓട്ടോ ഡ്രൈവർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ; പിടിച്ചെടുത്തത് ആറ് ലിറ്റർ മദ്യം; പറപ്പൂക്കരയിൽ ഒരു കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട: അവധി ദിനത്തിൽ മദ്യവില്പന നടത്തിയ ഓട്ടോ ഡ്രൈവർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. കോമ്പാറ കിഴക്കേവളപ്പിൽ വീട്ടിൽ ജിനൻ (40 വയസ്സ്) നെയാണ് എക്സൈസ് റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ മണികണ്ഠനും സംഘവും അറസ്റ്റ് ചെയ്തത്. ആറ് ലിറ്റർ മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. വൻതോതിൽ മദ്യം സൂക്ഷിച്ച് അവധി ദിനങ്ങളിൽ ഠാണാ പൂതംകുളം മൈതാനിയിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വില്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരായ സുരേഷ്, വൽസൻ, വിബിൻ, രാകേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പറപ്പൂക്കര പോങ്കോത്ര ചുവരക്കാരൻ വീട്ടിൽ ജോസ് (46) നെയും എക്സൈസ് സംഘം പിടികൂടി. ഒരു കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിൽ നടന്ന് പുകയില ഉൽപ്പന്നങ്ങൾ വില്ക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിയിൽ നിന്ന് 4200 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.