കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; പാർട്ടി ഘടകങ്ങളിൽ പരാതി നല്കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും ചെയ്ത മാടായിക്കോണം സ്വദേശിയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ ബന്ധുക്കളുടെ പരാതി; കേസ്സെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സിപിഎമ്മിന് പരാതി നല്കുകയും ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത മാടായിക്കോണം കണ്ണാട്ട് വീട്ടിൽ കൃഷ്ണൻ മകൻ സുജേഷ് (37) നെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നല്കി. ഇന്നലെ രാവിലെ എഴരയോടെ കാറിൽ വീട്ടിൽ നിന്ന് ഇറങ്ങിയ സുജേഷ് വൈകീട്ടും തിരിച്ച് എത്തിയിട്ടില്ലെന്നും രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരൻ സുരേഷാണ് പോലീസിൽ പരാതി നല്കിയത്. തൃശൂർ വെസ്റ്റ് ഫോർട്ടിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന സുജേഷ് ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലും മുഖ്യമന്ത്രിക്കും പരാതി നല്കിയിരുന്നു. തുടർന്ന് കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരവും നടത്തിയിരുന്നു. തുടർന്ന് സുജേഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പൊറത്തിശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കുകയും ചെയ്തു. സിപിഎം മാടായിക്കോണം സ്കൂൾ ബ്രാഞ്ചിലാണ് സുജേഷ് പ്രവർത്തിച്ചിരുന്നത്. ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് മൂന്ന് തവണ സുജേഷ് പോലീസിൽ പരാതിയും നല്കിയിരുന്നു. കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.