വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറിലെ വെളളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി; പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഉള്ള കിണറ്റിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയതായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. തൃശൂരിലെ സ്വകാര്യ ലാബിൽ നടത്തിയ ജലപരിശോധനയിൽ അമിതമായ കോളിഫോം ,ഇ കോളൈ എന്നീ ബാക്റ്റീരിയകളുടെ സാന്നിധ്യം വ്യക്തമായതായും മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിൽ ജോലി ചെയ്യുന്നവരും കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നതും ഈ മലിനജലമാണ്. കിണറ്റിലെ വെള്ളം മലീമസമാണെന്ന റിപ്പോർട്ട് നേരത്തെ ലഭിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ല. ശുദ്ധജല വിതരണത്തിന് ബദൽ സംവിധാനം എർപ്പെടുത്തണമെന്നും കോവിഡ് സമയത്ത് രോഗ പ്രതിരോധം തീർക്കേണ്ടവർ തന്നെ മനുഷ്യരെ രോഗികൾ ആക്കി മാറ്റാൻ ശ്രമിച്ചവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ ആർ രാമദാസ്, സാബു കണ്ടത്തിൽ, ഷംസു വെളുത്തേരി, വി മോഹൻദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.