മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവുമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റ്; ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ ഔട്ട് ലെറ്റും ഇരിങ്ങാലക്കുടയിലേതെന്ന് അധിക്യതർ.
ഇരിങ്ങാലക്കുട: ബിവറേജസ് കോർപ്പറേഷൻ്റെ ഇരിങ്ങാലക്കുടയിലുളള ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിക്കാൻ ഓൺലൈൻ സൗകര്യവും .കോവിഡ് സാഹചര്യത്തിൽ തിരക്ക് കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഓൺലൈൻ സൗകര്യം നിലവിൽ വരുന്ന രണ്ടാമത്തെ ഔട്ട്ലെറ്റ് കൂടിയാണ് ഇരിങ്ങാലക്കുടയിലേത്.booking .ksbc.co.in എന്ന ലിങ്ക് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്. മൊബൈൽ നമ്പർ ആദ്യം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ,ഇതിലേക്ക് വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് പേര്, ജനനതീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകണം. തുടർന്ന് പേജിലേക്ക് പ്രവേശിച്ച് ജില്ലയും മദ്യശാലയും തിരഞ്ഞെടുത്ത് ഓൺലൈനായി പണമടക്കണം. ഓർഡർ സംബന്ധിച്ച് മൊബൈലിൽ ലഭിക്കുന്ന മെസേജ് ഉപയോഗിച്ച് ഔട്ട് ലെറ്റിൽ വന്ന് മദ്യം വാങ്ങിക്കാമെന്ന് ബിവറേജസ് അധികൃതർ അറിയിച്ചു.
രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് ബുക്കിംഗ് സമയം. 9 മുതൽ വൈകീട്ട് 8 വരെ ഔട്ട്ലെറ്റിൽ വന്ന് മദ്യം വാങ്ങാം. വില്പനയിൽ സംസ്ഥാനത്ത് മുന്നിലുള്ള ഔട്ട്ലെറ്റുകളിൽ ഒന്നാണ് ഇരിങ്ങാലക്കുടയിലേത്. ഇക്കഴിഞ്ഞ ഓണസീസണിൽ വില്പനയിൽ സംസ്ഥാനത്ത് തന്നെ രണ്ടാം സ്ഥാനത്തായിരുന്നു ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റ്. ഓൺലൈൻ സൗകര്യം നിലവിൽ വരുന്നതോടെ മദ്യം വാങ്ങിക്കാനുള്ള നീണ്ട വരികൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്.