വികസനത്തെ എതിർക്കാതെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം: മന്ത്രി സജി ചെറിയാൻ; ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശആവാസപുനസ്ഥാപന പദ്ധതിക്ക് തുടക്കമായി.

വികസനത്തെ എതിർക്കാതെയുള്ള
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം:
മന്ത്രി സജി ചെറിയാൻ;
ശ്രീനാരായണപുരം പഞ്ചായത്തിൽ
തീരദേശആവാസപുനസ്ഥാപന
പദ്ധതിക്ക് തുടക്കമായി.

കൊടുങ്ങല്ലൂർ: വികസനത്തിനെ
എതിർക്കാതെയും പരിസ്ഥിതി
സംരക്ഷണ പദ്ധതികൾക്കാണ്
സർക്കാർ പ്രാധാന്യം നൽകുന്നതെന്ന്
സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി
ചെറിയാൻ. തീരത്തിന്റെ
സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം
ജൈവ സംരക്ഷണമാണെന്നും
അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം
ഗ്രാമപഞ്ചായത്തിലെ തീരദേശ
ആവാസപുനഃസ്ഥാപനവും ജൈവ
സംരക്ഷണവും എന്ന പദ്ധതി ഉദ്ഘാടനം
ചെയ്യുകയായിരുന്നു മന്ത്രി. എസ് എൻ
പുരം വേക്കോട് ബീച്ചിൽ ചെടികൾ നട്ട്
മന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചു.
പ്രകൃതിയോടിണങ്ങി തീരത്തിന്റെ
ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന
ശ്രീനാരായണപുരം പഞ്ചായത്തിന്റെ
പദ്ധതി കേരളത്തിലെ മോഡൽ
പ്രോജക്ടായി അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനമൊട്ടാകെ ഇതേ മാതൃകയിൽ
പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ
ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കരിങ്കല്ല് ഉപയോഗിച്ചുള്ള
തീരസംരക്ഷണത്തിന്റെ കാലം
കഴിഞ്ഞു. കടൽത്തീരങ്ങളിൽ
ഉണ്ടാകേണ്ടിയിരുന്ന കണ്ടൽചെടികൾ
തുടച്ചുനീക്കിയത് മൂലം മത്സ്യസമ്പത്ത്
കുറയുന്നതായി പഠനങ്ങൾ
തെളിയിച്ചിട്ടുണ്ട്. തീര
സംരക്ഷണത്തിനും മത്സ്യസമ്പത്ത്
തിരികെ പിടിക്കാനും ജൈവ
കവചമാണ് ഏറ്റവും നല്ല മാർഗ്ഗം.
കടലിനോട് ഇണങ്ങി വേണം
കടൽത്തീരങ്ങൾ സംരക്ഷിക്കാൻ.
വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ
നിക്ഷേപിച്ചും ചെറു മീനുകളെ
ട്രോളറുകൾ ഉപയോഗിച്ച് പിടിച്ചു
കൊണ്ടും കടലിനെ ആക്രമിക്കുന്ന
പ്രവണതയാണ് നിലവിൽ കാണുന്നത്.
കടലിന്റെ ആവാസവ്യവസ്ഥയ്ക്കും
സന്തുലിതാവസ്ഥയ്ക്കും ഇത് മാറ്റം
വരുത്തുന്നു. അടുത്ത തലമുറയ്ക്ക്
വേണ്ടിയെങ്കിലും കടലിനെ സംരക്ഷിച്ച്
നിലനിർത്തേണ്ടതിന്റെ ആവശ്യകതയും
മന്ത്രി ഓർമ്മിപ്പിച്ചു.
ശ്രീനാരായണപുരം പഞ്ചായത്തിലെ
നാല് വാർഡുകളിലുൾപ്പെടുന്ന 3.5
കിലോമീറ്റർ നീളമുള്ള അറബിക്കടൽ
തീരത്തിന്റെ ആവാസ വ്യവസ്ഥാ
പുനഃസ്ഥാപനത്തിനും
പരിപാലനത്തിനും ദുരന്ത
നിവാരണത്തിനുമായാണ് സമഗ്ര
പദ്ധതിക്ക് രൂപം നൽകിയത്. പരിസ്ഥിതി
പുനർനിർമ്മാണത്തിന്റെ ആവശ്യകത
ഉൾക്കൊണ്ട് പഞ്ചായത്തിനൊപ്പം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പുപദ്ധതി, പശ്ചിമഘട്ട
വേഴാമ്പൽ ഫൗണ്ടേഷൻ, ഐ യു സി
എൻ, വനംവകുപ്പ്, ഇറിഗേഷൻ,
ഫിഷറീസ്, എം.ഇ.എസ്
അസ്മാബി കോളേജ് ബോട്ടണി
ഗവേഷണവിഭാഗം എന്നിവരെ
ഉൾപ്പെടുത്തികൊണ്ടാണ്
തീരദേശവാർഡുകളിൽ കടൽതീരത്ത്
മണ്ണൊലിപ്പ് തടയുന്നതിനായി
വനവൽക്കരണം നടത്തുന്നത്.
തീരത്തിനനുയോജ്യമായ പുന്ന,
പൂപ്പുരത്തി, മുള, കൈത, രാമച്ചം,
തീറ്റപ്പുല്ല്, വുങ്ങ്, അടമ്പ് തുടങ്ങിയ
വിവിധയിനം സസ്യങ്ങളാണ്
വനവൽക്കരണം സാധ്യമാക്കാൻ
കൂടുതലായി ഉപയോഗിക്കുന്നത്.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ
അധ്യക്ഷത വഹിച്ച ചടങ്ങിൽ
അസ്മാബി കോളേജ് ബോട്ടണി
അസിസ്റ്റന്റ് പ്രൊഫസർ
ഡോ.അമിതാബച്ചൻ പദ്ധതി
വിശദീകരിച്ചു. മതിലകം ബ്ലോക്ക്
പ്രസിഡന്റ് സി കെ ഗിരിജ,
ശ്രീനാരായണപുരം പഞ്ചായത്ത്
പ്രസിഡന്റ് എം എസ് മോഹനൻ, ജില്ലാ
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ
പഞ്ചായത്തംഗം സുഗത
ശശിധരൻ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി
ജയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,
ജനപ്രതിനിധികൾ എന്നിവർ
പങ്കെടുത്തു.

Please follow and like us: