കടലോളം ആശ്വാസം; തീരത്തടിഞ്ഞത് ആഹ്ലാദത്തിരകൾ;പുനർഗേഹത്തിലൂടെ
സാക്ഷാൽക്കരിച്ചത് മത്സ്യമേഖലയുടെ
സ്വപ്നം.
കയ്പമംഗലം:തിരയും കോളും
നിറയുന്ന കടലോരത്തിന് ആശ്വാസവും
അതിലേറെ സന്തോഷവും. പുനർഗേഹം
പദ്ധതിയിൽ ഉൾപ്പെടുത്തിയ 53
വീടുകളുടെ താക്കോൽ
ഉപഭോക്താക്കൾക്ക് കൈമാറിയപ്പോൾ
തീരത്ത് വന്നടിഞ്ഞത് ആഹ്ലാദത്തിന്റെ
ഭീമൻ തിരകൾ, തീരദേശവാസികൾക്ക്
കടലിനെ ഭയക്കാതെയുള്ള ജീവിതം
യാഥാർത്ഥ്യമായപ്പോൾ നടപ്പായത്
സംസ്ഥാന സർക്കാർ മത്സ്യമേഖലയ്ക്ക്
നൽകിയ വാഗ്ദാനം കൂടിയാണ്.
“എല്ലാം നഷ്ടമായെന്നാണ് കരുതിയത്.
എന്നാൽ സർക്കാർ ഞങ്ങളെ ചേർത്ത്
പിടിച്ചു. സമാധാനത്തോടെ ഇനി
കൂരയിൽ അന്തിയുറങ്ങാം”-അഴീക്കോട്
പഴുപ്പറമ്പിൽ കയ്യ അബ്ബാസിന്റെ
വാക്കുകളിൽ സന്തോഷത്തിന്റെ
വേലിയേറ്റം. ഇ ടി ടൈസൺ മാസ്റ്റർ എം
എൽ എയിൽ നിന്ന് പുനർഗേഹം
പദ്ധതിയിൽ ഉൾപ്പെട്ട 43 വീടുകളിൽ
നിന്ന് ആദ്യത്തെ താക്കോൽകൂട്ടം
സ്വന്തമാക്കിയത് കയ്യയാണ്.
“ഇഴജന്തുക്കളെ പേടിക്കാതെ ജീവിക്കാം
എന്ന സമാധാനമാണ് ക്ലാംബിക്കൽ
സുബ്ബരാജിന്.
കടൽക്ഷോഭത്തിൽ റേഷൻ
കാർഡുവരെ കടലെടുത്തു പോയവർ
ഇക്കൂട്ടത്തിലുണ്ട്. ബന്ധുവീടുകളിൽ
ഒതുങ്ങിക്കൂടിയവരുണ്ട്. മക്കളും
മരുമക്കളും പേരാലിടങ്ങളുമെല്ലാം
വേർപിരിഞ്ഞ് ജീവിക്കുന്ന
മാതാപിതാക്കളുമുണ്ട്. എല്ലാവരും ഒരേ
കൂരയ്ക്ക് കീഴിൽ വീണ്ടും ജീവിക്കാൻ
തുടങ്ങുന്ന സന്തോഷമാണ് ഓരോ
ഉപഭോക്താവിന്റെയും വാക്കുകളിൽ.
പള്ളത്ത് സൈനബ, കല്ലുങ്ങൽ
അബ്ദുള്ളക്കുട്ടി, നെടുംപറമ്പിൽ
ഗിരീഷ്, തോപ്പിൽ ഫാത്തിമ തുടങ്ങി
കടലോളം ആശ്വാസവുമായി
തീരത്തുള്ളവർ അനവധിയാണ്.
വാക്കുകളിൽ ഒതുക്കി നിർത്താൻ
കഴിയാത്തതാണ് ഇവരുടെയെല്ലാം
ആഹ്ലാദം.
രണ്ട് ബെഡ് റൂം, ലിവിങ് റൂം, ഡൈനിങ്
ഹാൾ, ബാത്ത് റൂം, വരാന്ത, അടുക്കള
എന്നീ സൗകര്യങ്ങളെല്ലാം
ഉൾപ്പെടുത്തിയാണ് പുനർഗേഹം
പദ്ധതിയിലെ വീടുകൾ
മത്സ്യത്തൊഴിലാളികൾക്കായി
നിർമ്മിച്ചിരിക്കുന്നത്. കടൽത്തീരത്ത്
നിന്ന് അധികദൂരം അല്ലാതെ
മത്സ്യത്തൊഴിലാളികൾക്ക്
സൗകര്യപ്രദമായ സ്ഥലങ്ങൾ
കണ്ടെത്തിയാണ് പദ്ധതി
നടപ്പിലാക്കിയത്. കടലിന് സമീപം തന്നെ
പുനരധിവാസം ഉറപ്പാക്കും എന്നതിനാൽ
പദ്ധതിയോട് മികച്ച പ്രതികരണമാണ്
മത്സ്യതൊഴിലാളികൾക്ക്.