കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിലെ ജീവനക്കാരനെ മർദ്ദിച്ച കേസിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ.
ഇരിങ്ങാലക്കുട: കെഎസ്ആർടിസി ജീവനക്കാരനെ മർദ്ദിക്കുകയും പരിക്കേല്പിക്കുകയും ചെയ്ത കേസിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിലെ ജീവനക്കാരൻ കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ ജയനെ (54 വയസ്സ്) ഹെൽമറ്റ് കൊണ്ട് അടിച്ച് പരിക്കേല്പിച്ച വെള്ളാനി ചാവർ വീട്ടിൽ ധരംവീറിൻ്റെ മകൻ നിഖിൽ (21 വയസ്സ്) നെയാണ് സി ഐ എസ് പി സുധീരനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. കെഎസ്ആർടിസി ബസിനോട് ചേർന്ന് പ്രതി മൂത്രമൊഴിക്കുന്നത് കണ്ട ജീവനക്കാരൻ ഇതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ പ്രതി ജീവനക്കാരനെ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ജീവനക്കാരൻ ജയനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.വിവരമറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതി കെഎസ്ആർടിസി കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.