പൈതൃക പദ്ധതികൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ.

പൈതൃക പദ്ധതികൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ.

കൊടുങ്ങല്ലൂർ: പൈതൃക പദ്ധതികൾ നശിപ്പിക്കലല്ല മറിച്ച് സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ സർക്കാർ നടപ്പിലാക്കുന്ന നിർമാണ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ  നിർമിക്കുന്ന അക്കൊമഡേഷൻ ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിശ്വാസികൾക്കും വിശ്വാസത്തിനും കൂടുതൽ കരുത്ത് പകരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഭക്തജനങ്ങളുടെ താൽപര്യം കൂടി സംരക്ഷിച്ചാണ് ക്ഷേത്രാങ്കണങ്ങളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത്. വിവാദങ്ങളുണ്ടാക്കലല്ല, പകരം വിശ്വാസികളുടെ വിശ്വാസങ്ങൾ  സംരക്ഷിച്ച് നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അന്യം നിന്നു പോകുന്ന പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും കാത്തുസൂക്ഷിക്കേണ്ട കടമ ഇന്നത്തെ തലമുറ നിർവഹിച്ചെങ്കിൽ മാത്രമാണ് വരും തലമുറയ്ക്ക് ഇവയെല്ലാം കാണാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. നിലനിർത്തേണ്ട പൈതൃകങ്ങൾ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിനോട് എല്ലാവരും താദാത്മ്യം പ്രാപിക്കണം. ചരിത്രം മനസ്സിലാക്കി മുന്നോട്ടു പോകാൻ ഏവരും ശ്രദ്ധിക്കണം. അതിനർത്ഥം നിലവിലുള്ളതിനെ തകർത്തു മുന്നോട്ടു പോവുകയല്ല. വാക്കുകളിൽ പിടിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്. സംസ്കാരവും പൈതൃകവും സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് ഇപ്പോൾ നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം കോവിഡ്  നൽകുന്ന സന്ദേശം കൂടി എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.  ജാതിമതഭേദമെന്യേ ഒന്നായി ചിന്തിക്കുക എന്ന സന്ദേശമാണ് കോവിഡ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്ര ദേവസ്വം നിര്‍മാണ  പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കിയിട്ടുള്ള ഭൂമിയില്‍ 1.88 കോടി രൂപ ചെലവഴിച്ചാണ് അക്കൊമഡേഷൻ ബ്ലോക്കിന്റെ നിർമാണം. വസൂരിമാല ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഇരുനിലകെട്ടിടമാണ് മുസിരിസ് പൈതൃക പദ്ധതി നിര്‍മിച്ച് ക്ഷേത്രം ദേവസ്വത്തിന് കൈമാറുന്നത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം ശ്രേഷ്ഠമായ ഒരു  മ്യൂസിയമാക്കി പരിവര്‍ത്തനം ചെയ്യുന്ന ക്ഷേത്ര ഭണ്ഡാരപ്പുര  മാളികയ്ക്ക് പകരമായും ഓഫീസ് റൂം, സ്ട്രോങ്ങ്‌ റൂം, സ്റ്റോര്‍ റൂം തുടങ്ങി താമസസൗകര്യം വരെ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് ഉയരുന്നത്.

അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബെഹനാൻ എം പി മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ മുഖ്യാതിഥികളായി. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം ജി നാരായണൻ, വി കെ അയ്യപ്പൻ,   സ്പെഷ്യൽ ദേവസ്വം കമ്മീഷണർ എൻ ജ്യോതി, സെക്രട്ടറി ഇൻ ചാർജ്ജ് പി ഡി ശോഭന, എക്സിക്യൂട്ടീവ് എൻജിനീയർ കെ കെ മനോജ്, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി.കമ്മീഷണർ കെ സുനിൽ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Please follow and like us: