പട്ടയമേളക്ക് ഒരുങ്ങി മുകുന്ദപുരം താലൂക്ക്; മേള സെപ്റ്റംബർ 14 ന് ; മുടിച്ചിറ നവീകരണത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിക്കാൻ നടപടികളായതായി മന്ത്രി ഡോ. ആർ ബിന്ദു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക്തല പട്ടയമേള സെപ്റ്റംബർ 14 ന് നടത്താൻ ഓൺലൈനിൽ ചേർന്ന താലൂക്ക്തല വികസന സമിതി യോഗത്തിൽ തീരുമാനം.കോവിഡ് സാഹചര്യത്തിൽ പത്ത് പട്ടയങ്ങളാണ് അന്ന് വിതരണം ചെയ്യുക. വില്ലേജ് ഓഫീസുകൾ വഴി മറ്റ് പട്ടയങ്ങൾ തുടർന്നുള്ള ദിവസങ്ങൾ വിതരണം ചെയ്യാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മുസാഫിരിക്കുന്നിൽ മണ്ണിടിച്ചിൽ രൂക്ഷമായിരിക്കുകയാണെന്നും ഇവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
പുതുക്കാട് സബ് – ട്രഷറിയുടെയും മിനി സിവിൽ സ്റ്റേഷൻ്റെയും നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തണമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ യും ആവശ്യപ്പെട്ടു.
മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ നവീകരണത്തിന് എംഎൽഎ യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്ററാണ് ഇക്കാര്യം യോഗത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്.
മുരിയാട് പഞ്ചായത്തിൽ ‘ നിലാവ്’ പദ്ധതി പ്രകാരം തെരുവുവിളക്കുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി നടക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി യോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാമെന്ന് കെഎസ്ഇബി അധിക്യതർ ഉറപ്പ് നല്കി.
കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടികൾ വേണമെന്ന് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷീജ പവിത്രൻ, സീമ പ്രേംരാജ് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മറുപടി നല്കി.
കോന്തിപുലത്ത് സ്ഥിരം തടയണ നിർമ്മിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും താത്കാലിക തടയണയുടെ പേരിൽ എല്ലാ വർഷവും ലക്ഷങ്ങൾ ചിലവഴിക്കുന്ന സാഹചര്യമാണെന്നും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു.
അർഹരായവരെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തുവാനും അനർഹരെ കണ്ടെത്താനും പഞ്ചായത്ത് തലത്തിൽ ലിസ്റ്റ് തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡണ്ടുമാർ, മറ്റ് ജനപ്രതിനിധികൾ, തഹസിൽദാർ ശ്രീരാജ്കുമാർ പി കെ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.