കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ; നിർമ്മിക്കുന്നത് 1.18 കോടി ചെലവഴിച്ച്.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി
ക്ഷേത്രത്തിൽ അക്കോമഡേഷൻ
ബ്ലോക്ക് ; നിർമ്മിക്കുന്നത് 1.18 കോടി
ചെലവഴിച്ച്.

കൊടുങ്ങല്ലൂർ: പ്രസിദ്ധമായ
തീർത്ഥാടന കേന്ദ്രവും
പൈതൃകാവശേഷിപ്പ് കൂടിയായ
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി
ക്ഷേത്രത്തിൽ അക്കോമഡേഷൻ
ബ്ലോക്ക് ഉയരുന്നു. സംസ്ഥാന
സർക്കാരിന്റെ മുസിരിസ് പൈതൃക
പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
ക്ഷേത്രത്തിൽ വിശാലമായ ബ്ലോക്ക്
ഉയരുന്നത്. പദ്ധതിയുടെ
നിർമാണോദ്ഘാടനം ദേവസ്വംമന്ത്രി കെ
രാധാകൃഷ്ണൻ സെപ്റ്റംബർ 11ന്
ഉച്ചയ്ക്ക് 3 മണിക്ക് നിർവ്വഹിക്കും.
ക്ഷേത്ര ദേവസ്വം നിർമാണ
പ്രവർത്തനങ്ങൾക്ക് മാത്രമായി
അനുവദിച്ച് നൽകിയിട്ടുള്ള ഭൂമിയിൽ 1.8
കോടി രൂപ ചെലവഴിച്ചാണ്
നിർമ്മാണം. കൊടുങ്ങല്ലൂർ ശ്രീകുരുംബ
ഭഗവതി ക്ഷേത്രം ശ്രേഷ്ഠമായ
ഒരു മ്യൂസിയമാക്കി പരിവർത്തനം
ചെയ്യുന്ന ക്ഷേത്ര ഭണ്ഡാരപ്പുര
മാളികയ്ക്ക് പകരമായും ഓഫീസ് റൂം,
സ്ട്രോങ്ങ് റൂം, സ്റ്റോർ റൂം തുടങ്ങി
താമസസൗകര്യം വരെ
ഉൾപ്പെടുത്തിയാണ് ബ്ലോക്ക്
ഉയരുകയെന്ന് മുസിരിസ് പൈതൃക
പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം
നൗഷാദ് പറഞ്ഞു.
വസൂരി മാല ക്ഷേത്രത്തിന് പടിഞ്ഞാറ്
ഭാഗത്തായി 4500 ചതുരശ്ര അടി
വിസ്തീർണ്ണത്തിൽ ഇരുനിലകെട്ടിടമാണ്
മുസിരിസ് പൈതൃക പദ്ധതി നിർമിച്ച്
ക്ഷേത്രം ദേവസ്വത്തിന് കൈമാറുന്നത്.
പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിൽ
വിവിധ വികസനപ്രവർത്തനങ്ങൾ
നടപ്പിലാക്കി വരുന്നുണ്ട്. അന്യം നിന്ന്
പോകുന്ന ക്ഷേത്രകലകളും
ആചാരങ്ങളും ചുവർചിത്രങ്ങളും
സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ
ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ
ഊട്ടുപുര- ഭണ്ഡാരപ്പുര മാളിക
സമുച്ചയം ദക്ഷിണേന്ത്യയിലെ ആദ്യത്തെ
ക്ഷേത്ര മ്യൂസിയമാക്കി മാറ്റുന്ന
പ്രവൃത്തികളും പുരോഗമിക്കുകയാണ്.
3.23 കോടി രൂപയാണ് ഇതിന്റെ
നിർമ്മാണച്ചെലവ്.
നിലവിലെ ആചാരാനുഷ്ഠാനങ്ങൾക്ക്
കോട്ടം വരാത്ത രീതിയിലും
കെട്ടിടത്തിന്റെ പൗരാണികത ഒട്ടും
ചോരാത്ത രീതിയിലുമാണ്
പുനരുദ്ധാരണ പ്രവർത്തനങ്ങൾ
പൂർത്തീകരിച്ചു വരുന്നത്.
കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം
ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ്
ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച്
ക്ഷേത്രനിർമ്മാണം നടത്തിയതെന്നാണ്
വിശ്വാസം. കാലാന്തരത്തിൽ
കണ്ണകിയുടെ പ്രതിഷ്ഠയും ക്ഷേത്രവും
ഒട്ടേറെ പരിവർത്തനങ്ങൾക്ക്
വിധേയമായി. ലിഖിതവും
അലിഖിതവുമായ ചരിത്രവസ്തുതകൾ
ഈ ആരാധനാലയവുമായി ഇഴചേർന്നു
നിൽക്കുന്നു. ക്ഷേത്രത്തിന്റെ ഇത്തരം
ദൃശ്യവും അദൃശ്യവുമായി
പൈതൃകാവശേഷിപ്പുകളെ
കോർത്തിണക്കിയും ദക്ഷിണേന്ത്യയിലെ
പ്രധാനക്ഷേത്രങ്ങളുടെ ചരിത്രം
ഉൾക്കൊള്ളിച്ചുമാണ് ക്ഷേത്രമ്യൂസിയം
ഒരുങ്ങുന്നത്.
മുസിരിസ് പൈതൃക പദ്ധതി
കൊടുങ്ങല്ലൂർ ശ്രീകുരുംബഭഗവതി
ക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തുന്ന
വികസനപുനരുദ്ധാരണ
പ്രവർത്തനങ്ങൾക്കൊപ്പം പരമ്പരാഗത
ശൈലിയിൽ നിർമിക്കപ്പെട്ടതും മാറ്റങ്ങൾക്കു അധികം
വിധേയമാകാത്തതുമായ ക്ഷേത്രങ്ങൾ
ഉൾപ്പെടെ വിവിധ മതവിഭാഗങ്ങളുടെ
ആരാധനാലയങ്ങളുടെ പുനരുദ്ധാരണ
നിർമാണ പ്രവർത്തനങ്ങളും
അടിസ്ഥാന സൗകര്യ വികസന
പ്രവർത്തങ്ങളും നടപ്പിലാക്കിവരുന്നുണ്ട്.
പദ്ധതി പ്രദേശത്തെ ദേവസ്വത്തിന്
കീഴിൽ വരുന്ന മാള ഐരാണിക്കുളം
ശിവക്ഷേത്രം ഉൾപ്പെടെയുള്ള
ആരാധനാലയങ്ങളിൽ ഏകദേശം
ഒമ്പത് കോടി രൂപയുടെ പുനരുദ്ധാരണ
പ്രവർത്തനങ്ങളും അടിസ്ഥാന
സൗകര്യവികസനപ്രവർത്തനങ്ങളും
ആരംഭിച്ചു കഴിഞ്ഞു.
അഡ്വ.വി ആർ സുനിൽകുമാർ
എംഎൽഎ അധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ ബെന്നി ബെഹനാൻ എംപി
മുഖ്യപ്രഭാഷണം നടത്തും. ടൂറിസം
വകുപ്പ് അഡീഷണൽ ചീഫ്
സെക്രട്ടറി ഡോ.വി വേണു പദ്ധതി
വിശദീകരിക്കും. കൊടുങ്ങല്ലൂർ
നഗരസഭ ചെയർപേഴ്സൺ എം യു
ഷിനിജ കൊച്ചിൻ ദേവസ്വം ബോർഡ്
പ്രസിഡന്റ്വി നന്ദകുമാർ
മുഖ്യാതിഥികളാകും. കൊടുങ്ങല്ലൂർ
വലിയതമ്പുരാൻ കെ കുഞ്ഞുണ്ണി രാജ
വിശിഷ്ടാതിഥിയാകും.നഗരസഭ വൈസ്
ചെയർമാൻ കെ ആർ ജൈത്രൻ,
മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ്
ഡയറക്ടർ പി എം നൗഷാദ്,കൊച്ചിൻ
ദേവസ്വം ബോർഡ് അംഗങ്ങളായ എം ജി
നാരായണൻ, വി കെ അയ്യപ്പൻ,
സ്പെഷ്യൽ ദേവസ്വം കമ്മീഷണർഎൻ
ജ്യോതി സെക്രട്ടറി ഇൻ ചാർജ്ജ് പി ഡി
ശോഭന,എക്സിക്യൂട്ടീവ് എൻജിനീയർ
കെ കെ മനോജ്, തിരുവഞ്ചിക്കുളം
ഗ്രൂപ്പ് അസി.കമ്മീഷണർ കെ സുനിൽ
എന്നിവർ പങ്കെടുക്കും.

Please follow and like us: