മികവിന്റെ പാതയിൽ കെ കെ ടി എം എച്ച്എസ്എസ്;അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയിൽ
കൊടുങ്ങല്ലൂർ:മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കൊടുങ്ങല്ലൂർ
കെ കെ ടി എം എച്ച് എസ് എസ് പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം മികവാർന്ന ഭൗതിക സൗകര്യങ്ങൾ കോർത്തിണക്കി മുന്നേറുന്നു. വിദ്യാർത്ഥിനികളുടെ ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക് ബ്ലോക്കാണ് സ്‌കൂൾ വളപ്പിൽ ഉയരുന്നത്.
കിഫ്ബി സഹായത്തോടെ മൂന്ന് കോടി ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.
1363 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി വിശാലമായ സൗകര്യങ്ങളോടെയാണ് ബ്ലോക്ക്. 17 ക്ലാസ് മുറികൾ, ഡൈനിങ്ങ് ഹാൾ, അടുക്കള, സ്റ്റോർ റൂം, 4 ശുചിമുറികൾ എന്നിവയാണുള്ളത്. എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, ജെ.ആർ.സി, ലിറ്റിൽകൈറ്റ് തുടങ്ങി എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിക്കുന്ന വിധത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടേയും വിശ്വാസമാണ് സ്കൂളിന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് പ്രിൻസിപ്പൽ ആശ ആനന്ദും ഹെഡ്മിസ്ട്രസ് ടി കെ
ലതയും പറയുന്നു. കോവിഡ് കാലത്തും കൃത്യമായാണ് ക്ലാസുകൾ നടക്കുന്നത്. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.
1896ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ ‘സത്രം ഹാൾ’ എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കായി ‘ക്രാങ്കന്നൂർ’ എലമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം ഹാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. 1925ലാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിക്കുന്നത്. കൊടുങ്ങല്ലൂർ താലപ്പൊലി- മീനഭരണി ഉത്സവകാലങ്ങളിൽ കച്ചവടക്കാർ വന്നാൽ സാധനങ്ങൾ ഇടുന്നതിനും മറ്റും ഈ സ്ഥലമാണ് ഉപയോഗിച്ചിരുന്നത്. ഒരു നിസ്കാരപ്പള്ളിയും വട്ടക്കുളവും നിലനിന്നിരുന്ന ഈ സ്ഥലത്തിന്റെ ജന്മി പനങ്ങാട്ട് കാട്ടകത്ത് മമ്മൻ ചാലിയായിരുന്നു. പിന്നീട് ഗേൾസ് സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സർക്കാർ ഈ സ്ഥലം അക്വയർ ചെയ്യുകയാണുണ്ടായത്. ഇത് കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സഹായകമായി. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1998-99 അധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം കൂടി അനുവദിച്ചു. 2020 ഒക്ടോബർ 18 നാണ് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ എന്ന പേര് മാറ്റി കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ എന്ന് പുനർ നാമകരണം ചെയ്യുന്നത്.