കോവിഡ് 19 ; ഇരിങ്ങാലക്കുട നഗരസഭയിലെ 16 വാർഡുകൾ തീവ്രനിയന്ത്രണപ്പട്ടികയിൽ; 600 ഓളം പേർ ചികിൽസയിൽ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഗ്രൂപ്പ് നല്കിയ ആംബുലൻസ് അനാഥാവസ്ഥയിൽ; പ്രതിഷേധസമരവുമായി ബിജെപി.
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പ് നഗരസഭക്ക് നല്കിയ ആംബുലൻസ് ടൗൺ ഹാൾ പരിസരത്ത് അനാഥാവസ്ഥയിൽ.കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ 41 വാർഡുകളിലെയും പ്രതിനിധികൾ ആശ്രയച്ചിരുന്ന പ്രധാന വാഹനമാണിത്. ഒരാഴ്ച മുമ്പ് വാഹനം ഠാണാവിൽ വച്ച് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുൻഭാഗം തകർന്ന അവസ്ഥയിലാണ്. ഓക്സിജൻ സംവിധാനത്തോട് കൂടിയ ആംബുലൻസാണ് ഐസിഎൽ ഗ്രൂപ്പ് നഗരസഭക്ക് നല്കിയത്. ആംബുലൻസ് ഉടൻ നന്നാക്കണമെന്നും മഹാമാരിക്കാലത്ത് ഉല്ലാസയാത്രക്ക് പണം ചിലവഴിച്ച ഭൂരിപക്ഷമില്ലാത്ത ഭരണസമിതി നഗരസഭയിലെ 16 വാർഡുകൾ തീവ്രനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ടിട്ടും വണ്ടി നന്നാക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ബിജെപി പാർലിമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. വാഹനത്തിൻ്റെ തകരാറുകൾ നന്നാക്കാനുള്ള എസ്റ്റിമേറ്റ് ചെയർപേഴ്സന് ആംബുലൻസിലെ ജീവനക്കാർ മുൻകൂട്ടി നല്കിയിരുന്നു .മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായത്. നഗരസഭയിലെ 16,06, 09, 11, 12, 13, 21, 23, 25, 26, 28, 29, 31,34,35,36 വാർഡുകളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലാ ഭരണകൂടം തീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരസഭ പരിധിയിലെ 558 പേർ ഇപ്പോൾ ചികിൽസയിലാണ്. 375 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. ആംബുലൻസ് അപകടത്തിൽ പ്പെട്ടത് കൗൺസിൽ അറിഞ്ഞിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. കൗൺസിലർമാരായ ആർച്ച അനീഷ്, മായ അജയൻ, സ്മിത കൃഷ്ണകുമാർ, അമ്പിളി ജയൻ, വിജയകുമാരി അനിലൻ, സരിത സുഭാഷ് എന്നിവർ പ്രസംഗിച്ചു.