മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ വാഹനാപകടം; ഗൃഹനാഥനും ഭാര്യക്കും ഗുരുതര പരിക്ക്.
ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ സ്കൂട്ടര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ ഗൃഹനാഥനും ഭാര്യക്കും ഗുരുതര പരിക്ക്. കോമ്പാറ കുന്നത്തുപറമ്പില്‍ വീട്ടില്‍ ജോസ് (73), ഭാര്യ അമ്മിണി (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്നും ചരക്കുമായി വന്ന ലോറിയും തെക്കേ അങ്ങാടയില്‍ നിന്നും വന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ സ്കൂട്ടര്‍ ലോറിക്കടിയില്‍പെട്ടു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികില്‍സക്കായി തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോസിന്റെ തലക്ക് പരിക്കേല്‍ക്കുകയും അമ്മിണിയുടെ വലതുകൈ ഒടിയുകയുമാണ് ഉണ്ടായത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കൊടും വളവോടുകൂടിയ ഇവിടെ അപകടങ്ങള്‍ നിത്യ സംഭവമായി മാറിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇവിടെ വെച്ച് ടാങ്കര്‍ ലോറിക്കു പുറകില്‍ ബൈക്കിടിച്ച് ഗാന്ധിഗ്രാം പാറയില്‍ വീട്ടില്‍ ശിവ (20) എന്ന യുവാവ് മരിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ വളവില്‍ സൂചനാ ബോര്‍ഡുകളോ വേഗത നിയന്ത്രിക്കുന്നതിനായുള്ള ഹംബുകളോ ഇല്ല. മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ കപ്പേളക്കു മുന്നിലും കുരിശങ്ങാടിയിലേക്കു തിരിയുന്നിടത്തും ഹംബുകള്‍ സ്ഥാപിക്കണം. മാത്രവുമല്ല, റോഡിനോട് ചേര്‍ന്നു നില്ക്കുന്ന കാടും പടലും വെട്ടി മാറ്റാത്തത് എതിരെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തടസമാകുന്നുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നപടികള്‍ ഉണ്ടാകണമെന്ന് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.