നഗരസഭ ചാലാംപാടം 18-ാം വാർഡ്
ഉപതിരഞ്ഞെടുപ്പിലേക്ക്; വോട്ടർ പട്ടിക
പ്രസിദ്ധീകരിച്ചു; ഫലം
ഇരുമുന്നണികൾക്കും നിർണ്ണായകം.
ഇരിങ്ങാലക്കുട: കൗൺസിലറായിരുന്ന
ജോസ് ചാക്കോള മരണപ്പെട്ടതിനെ
തുടർന്ന് ചാലാംപാടം 18-ാം വാർഡിൽ
ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു.
ഇക്കഴിഞ്ഞ മേയ് എട്ടിനാണു ജോയ്
ചാക്കോള കോവിഡ് മൂലം
മരണമടഞ്ഞത്. ഈ ഉപതെരഞ്ഞെടുപ്പ്
രണ്ടു മുന്നണികളെ
സംബന്ധിച്ചിടത്തോളം ഏറെ
നിർണായകമാണ്. നിലവിൽ ഒരു
അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ്
യുഡിഎഫിന് നഗരസഭയിൽ
ഭരണമുള്ളത്. 2020 ൽ നടന്ന തദ്ദേശ
തെരഞ്ഞെടുപ്പിൽ യുഡിഎഫിനു 17 നും
എൽഡിഎഫിനു 16 ഉം ബിജെപിക്കു
എട്ടും കൗൺസിലർമാരാണ്
നഗരസഭയിലുള്ളത്. യുഡിഎഫിലെ
ജോസ് ചാക്കോളയുടെ മരണത്തോടെ
യുഡിഎഫിനും എൽഡിഎഫിനും 16
വീതം കൗൺസിലർമാരുമായി
തുല്യശക്തികളായാണ് നിൽക്കുന്നത്.
ഈ വാർഡിൽ വിജയിച്ചാൽ മാത്രമേ
യുഡിഎഫിന് ഭരണം നിലനിറുത്താൻ
കഴിയൂ. മറിച്ച് എൽഡിഎഫിനാണ്
വിജയമെങ്കിൽ ഒരു അംഗത്തിന്റെ
ഭൂരിപക്ഷത്തോടെ ഭരണം
പിടിച്ചെടുക്കാൻ സാധിക്കും. കഴിഞ്ഞ
അഞ്ചു തവണയായി ഈ വാർഡ്
യുഡിഎഫിന്റെ ഒപ്പമാണ്. 2020 ലെ
തെരഞ്ഞെടുപ്പിൽ ജോസ്
ചാക്കോളയുടെ ഭൂരിപക്ഷം 602
വോട്ടുകളാണ്. എൽഡിഎഫിന്റെ
ഘടകകക്ഷിയായ കേരള
കോൺഗ്രസ്(എം)നാണ് ഈ സീറ്റ്. ഈ
പ്രത്യേക സാഹചര്യത്തിൽ
ഇടതുമുന്നണിയിൽ സിപിഎം ഈ സീറ്റ്
ഏറ്റെടുത്ത് മൽസര രംഗത്ത്
സജീവമാകുമോ എന്നുള്ളതു രാഷ്ട്രീയ
നിരീക്ഷകരിൽ ഏറെ ചർച്ചയായിട്ടുണ്ട്.
അതുമല്ലെങ്കിൽ ഒരു പൊതുസമ്മതനെ
നിർത്തി ഏതു വിധേയനേയും ഈ
വാർഡ് പിടിച്ചെടുത്ത് നഗരസഭയിൽ
ഭരണം നേടുക എന്നുള്ളതും
ഇടതുമുന്നണി ആലോചിക്കുന്നുണ്ട്.
കോൺഗ്രസിനു മേൽക്കോയ്മയുള്ള
ഈ വാർഡിൽ സ്ഥാനാർഥി നിർണയ
ചർച്ചകൾ രഹസ്യമായി നടക്കുന്നുണ്ട്.
വാർഡിൽ നിന്നും സമീപ വാർഡുകളിൽ
നിന്നും ഇതിനകം നിരവധി പേരുകൾ
ഉയർന്നു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ
വിജയം നേടി ഭരണം നിലനിർത്തുക
എന്നുള്ളതാണ് യുഡിഎഫ് ഇപ്പോൾ
ലക്ഷ്യമിടുന്നത്. ബിജെപിക്കു ഈ
വാർഡിൽ 60 ൽ താഴെ വോട്ടുകളാണ്
ലഭിച്ചുവരുന്നത്. നാളെ മുതൽ പുതിയ
വോട്ടർമാരെ വോട്ടർ പട്ടികയിൽ
ചേർക്കുന്ന ശ്രമത്തിലായിരിക്കും
രാഷ്ട്രീയ പാർട്ടികൾ.