സംസ്ഥാന അധ്യാപക അവാർഡ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ എ ജോയിക്ക്.
പുതുക്കാട്: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ ജോയി അർഹനായി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിനുള്ള പരിഹാരം കണ്ടെത്തി പിന്തുണ നൽകുന്ന അധ്യാപകരിൽ ഒരാളാണ് ജോയി.
1998 ലാണ് സെന്റ് ആന്റണിസ് സ്കൂളിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി അദ്ദേഹം എത്തുന്നത്. 2013ൽ പ്രിൻസിപ്പലായി സ്ഥാനക്കയറ്റം. പിന്നാലെ അമ്മാടം സെന്റ് ആന്റണീസ് ഹയർസെക്കൻ്ററി സ്കൂളിലേക്ക് പ്രിൻസിപ്പലായി ട്രാൻസ്ഫറും. തുടർന്ന് 2016 ജൂണിൽ പുതുക്കാട് സ്കൂളിലേക്ക് പ്രിൻസിപ്പൽ ആയി തിരികെയെത്തി. 1996 ൽ തന്നെ ബോട്ടണിയിൽ ഡോക്ടറേറ്റ് ലഭിച്ചു.
മേഘാലയ ഷില്ലോങ്ങ് നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ ഓർക്കിഡുകൾ കുറിച്ചുള്ള പഠനത്തിനായിരുന്നു ഡോക്ടറേറ്റ്. കോവിഡ് പ്രതിസന്ധിക്കിടയിലും ഓൺലൈൻ ക്ലാസുകളായി സജീവമാണ് ജോയി. ഓരോ വർഷവും 1200 വിദ്യാർത്ഥികളാണ് 11, 12 ക്ലാസുകളിൽ ഈ വിദ്യാലയത്തിൽ പഠനത്തിനായി എത്തുന്നത്. കുട്ടികളുടെ സാമ്പത്തിക കാരുണ്യ ക്ഷേമങ്ങൾക്ക് കൂടി മുൻതൂക്കം നൽകി കൊണ്ടുള്ള പഠന പ്രവർത്തനങ്ങളാണ് ജോയ് എന്ന അധ്യാപകനെ വേറിട്ട് നിർത്തുന്നത്.
തൃശൂർ, മണ്ണംപേട്ട സ്വദേശികളായ പരേതരായ അന്തോണി -അന്നംകുട്ടി ദമ്പതികളുടെ മകനാണ്. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻ്ററി സ്കൂളിലെ അധ്യാപിക ജിലു മോളാണ് ഭാര്യ. ഏകമകൻ ജസ്റ്റിൻ ജോയ് ഫിലിപ്പൈൻസിൽ എംബിബിഎസ് അവസാനവർഷം വിദ്യാർത്ഥിയാണ്. പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ നേരിട്ടെത്തി അദ്ദേഹത്തെ അനുമോദിച്ചു.