പഴയകാല പ്രൗഡിയിലേക്ക് തിരിച്ചെത്താൻ ചേരമാൻ ജുമാ മസ്ജിദ് ;മസ്ജിദ് നവീകരണം നൂറുദിന കർമ്മ പരിപാടിയിൽ.
കൊടുങ്ങല്ലൂർ:ഗതകാല പ്രൗഡിയിലേക്ക് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദ്. പുരാതന ചേരമാൻ നഗരിയുടെ സ്മരണകളുണർത്താൻ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ നവീകരണം
മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 ലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്.
മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ പള്ളിയുടെ മുഴുവൻ തനിമയും നിലനിർത്തി ചേരമാൻ മസ്ജിദ് പുനർനിർമ്മിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. മസ്ജിദിൽ 1974ന് ശേഷം കൂട്ടിച്ചേർത്തിയിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്ത്, പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതാണ് പദ്ധതി. 1.181 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. പഴയ പള്ളിയുടെ രണ്ട് തട്ടുകളായുള്ള മേൽക്കൂര പൂർണമായും മാറ്റി, തേക്ക് കൊണ്ടുള്ള പുതിയ മേൽക്കൂര അതേപടി സ്ഥാപിച്ച് ഓടുകൾ മേയുന്ന ജോലികൾ നടന്നു വരുന്നു. ഇനി മുകൾത്തട്ടിലെ ഏതാനും പണികളും മറ്റ് അവസാനഘട്ട ജോലികളും മാത്രമാണ് അവശേഷിക്കുന്നത്. ഇതോടൊപ്പം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ഭൂഗർഭ നമസ്കാര ഹാളിന്റെ നിർമ്മാണവും അതിവേഗം നടന്നുവരികയാണ്.
20 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. പള്ളിയുടെ പൗരാണിക തനിമ തിരിച്ചുകൊണ്ടുവരണമെന്ന് 2011ലാണ് മഹല്ല് യോഗം തീരുമാനിച്ചത്. 5000 പേർക്ക് നമസ്കാര സൗകര്യം വർധിപ്പിക്കുന്നതിന് ഭൂമിക്കടിയിൽ വിശാലമായ സൗകര്യത്തോടെ രണ്ടു നിലകളിലായാണ് പള്ളി നിർമിക്കുന്നത്. 24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം.