കുർബാന രീതി പരിഷ്കാരം;ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കില്ലെന്ന് ആവർത്തിച്ച് വൈദിക കൂട്ടായ്മ; ഇടയലേഖനത്തിന് എതിരെ സിനഡിൽ റിവ്യൂ ഹർജിയുമായി വൈദിക കൂട്ടായ്മ; നടപടികൾ ധിക്കാരമോ അനുസരണക്കേടോ അല്ലെന്നും വിശദീകരണം.
ഇരിങ്ങാലക്കുട: രൂപതയിലെ ഇടവകകളിൽ നാളെ ഇടയലേഖനം വായിക്കില്ലെന്ന് വീണ്ടും ആവർത്തിച്ച് ലിറ്റിർജിക്കൽ ആക്ഷൻ കമ്മിറ്റി. കുർബാന പരിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള സിനഡിൻ്റെ തീരുമാനങ്ങളെക്കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം നാളെ (സെപ്റ്റംബർ 5) എല്ലാ പള്ളികളിലും സന്ന്യാസ ഭവനങ്ങളിലും വായിക്കണമെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നല്കിയ നിർദേശം തള്ളി കൊണ്ടാണ് ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി തങ്ങളുടെ നിലപാട് ആവർത്തിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനത്തിന് എതിരെ പൗരസ്ത്യ സഭാ നിയമം അനുസരിച്ച് സിനഡിന് റിവ്യൂ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും കാനോൻ നിയമം അനുസരിച്ച് ഇത് ഇടയലേഖനം വായിക്കണമെന്ന കൽപ്പന നടപ്പിലാക്കുന്നത് തടയൽ കൂടിയാണെന്ന് ആക്ഷൻ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആക്ഷൻ കമ്മിറ്റി കൺവീനർ ഫാ. ജോൺ കവലക്കാട്ട് (സീനിയർ) സീനിയർ വൈദികരായ ഫാ. ജോസ് പന്തല്ലൂക്കാരൻ, ഫാ. ജോയ് കടമ്പാട്ട്, ഫാ. ആൻ്റണി മുക്കാട്ടുകരക്കാരൻ, ഫാ പയസ്സ് ചിറപ്പണത്ത്, ഫാ. ജോസ് പാലാട്ടി, ഫാ. വർഗ്ഗീസ് ചാലിശ്ശേരി, ഫാ. പോളി പുതുശ്ശേരി, ഫാ. ഡേവീസ് കല്ലിങ്ങൽ, ഫാ. തോമസ് പുതുശ്ശേരി, ഫാ. ജോർജ് വേഴപ്പറമ്പിൽ, ഫാ ജെയ്സൻ കരിപ്പായി തുടങ്ങിയവരാണ് ഇടയലേഖനം വായിക്കില്ലെന്ന ആക്ഷൻ കമ്മിറ്റിയുടെ നിലപാടിന് അനുകൂലമായി രംഗത്തുള്ളത്.സിനഡിൽ നിന്നുള്ള മറുപടി ത്യപ്തികരമല്ലെങ്കിൽ റോമിലെ മേൽക്കോടതിയിലേക്ക് അപേക്ഷിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് ധിക്കാരമോ അനുസരണക്കേടോ അല്ലെന്നും അവകാശത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.