കുർബാനരീതി പരിഷ്കാരം; വൈദിക കൂട്ടായ്മയുടെ എതിർപ്പിനെ തള്ളി ഇരിങ്ങാലക്കുട രൂപത ബിഷപ്പ്; ഇടയലേഖനം നാളെ പള്ളികളിൽ വായിക്കാൻ നിർദ്ദേശം; നവംബർ 28ന് പരിഷ്കരിച്ച കുർബാനയർപ്പണ രീതി രൂപതയിൽ നിലവിൽ വരുമെന്നും പ്രഖ്യാപനം.
ഇരിങ്ങാലക്കുട: കുർബാന പരിഷ്കാരത്തോടുള്ള രൂപതയിലെ വൈദികകൂട്ടായ്മയുടെ എതിർപ്പിനെയും പരസ്യപ്രസ്താവനകളെയും തള്ളി രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.പരിഷ്കരിച്ച കുർബാനയർപ്പണരീതി നവംബർ 28 മുതൽ രൂപതയിൽ നിലവിൽ വരുമെന്നും സിനഡ് അംഗീകരിച്ച തീരുമാനങ്ങളെക്കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിൻ്റെ ഇടയലേഖനം സെപ്റ്റംബർ 5 ഞായറാഴ്ച ( നാളെ ) എല്ലാ പള്ളികളിലും സന്ന്യാസഭവനങ്ങളിലും വായിക്കണമെന്നും സിനഡ് തീരുമാനത്തിന് വിരുദ്ധമായിട്ടുള്ള എല്ലാ പരസ്യ പ്രസ്താവനകളും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ചാൻസലർ ഫാ. നെവിൻ ആട്ടോക്കാരൻ എന്നിവർ സംയുക്തമായി പുറത്താക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിഷ്കരിച്ച കുർബാനയർപ്പണരീതി നടപ്പിലാക്കാൻ ദേവാലയങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രൂപതയിലെ ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ വൈദികർ ബിഷപ്പിനെ സന്ദർശിക്കുകയും തുടർന്ന് സിനഡിനെയും മേജർ ആർച്ച് ബിഷപ്പിനെയും വിമർശിച്ച് മാധ്യമങ്ങളുടെ മുന്നിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രൂപത കാര്യാലത്തിൽ നിന്ന് ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.