ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ച് വന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ചെയർപേഴ്സണും ഭരണകക്ഷി അംഗങ്ങളും കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളുടെ ഉപരോധസമരം; നിയമത്തെക്കുറിച്ച് അറിയില്ലെന്നും നിരീക്ഷണത്തിൽ ഇരിക്കേണ്ട ആവശ്യമില്ലെന്നും ചെയർപേഴ്സൺ സോണിയ ഗിരി; എഴ് ദിവസത്തെ നിരീക്ഷണമെന്നതാണ് നിയമമെന്ന് വിശദീകരിച്ച് നഗരസഭ ആരോഗ്യ വകുപ്പും പോലീസും; കോവിഡ് ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലീസിനും പരാതിയുമായി ന്യൂനപക്ഷമോർച്ചയും.
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനക്കാലത്ത് ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ച് വന്ന നഗരസഭ ചെയർപേഴ്സണും ഭരണകക്ഷി കൗൺസിലർമാരും കോവിഡ് ചട്ടങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു. വ്യാഴാഴ്ച ഒരു മണിയോടെയാണ് ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി കൗൺസിലർമാർ ചെയർപേഴ്സൻ്റെ ചേംബറിൽ എത്തിയത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് അന്തർസംസ്ഥാനത്ത് നിന്ന് മടങ്ങി വന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അല്ലെങ്കിൽ എഴ് ദിവസം നിരീക്ഷണത്തിൽ ഇരിക്കണമെന്നും ബിജെപി പാർലിമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ചെയർപേഴ്സനോട് ആവശ്യപ്പെട്ടു. എന്നാൽ അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബിജെപി കൗൺസിലർമാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ചെയർപേഴ്സൻ സോണിയ ഗിരി മറുപടി നല്കി. തുടർന്നാണ് ബിജെപി കൗൺസിലർമാർ ആവശ്യം നേടിയെടുക്കുന്നത് വരെ ഉപരോധസമരം പ്രഖ്യാപിച്ചത്. ചെയർപേഴ്സന് പിന്തുണയുമായി ഭരണകക്ഷി കൗൺസിലർമാരും പുറകെയെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇടപെടേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന ഭരണനേത്യത്വം വ്യക്തമാക്കിയതോടെ പോലീസ് മടങ്ങി. എല്ലാ കോവിഡ് ചട്ടങ്ങളും പാലിച്ചാണ് തങ്ങൾ ഊട്ടിയിലേക്ക് യാത്ര നടത്തിയതെന്നും ബിജെപി ആവശ്യപ്പെടുന്നത് പോലെ നിരീക്ഷണത്തിൽ ഇരിക്കേണ്ട ആവശ്യമില്ലെന്ന് സ്ഥലത്ത് എത്തിയ മാധ്യമങ്ങളോട് വിശദീകരിച്ച് ചെയർപേഴ്സനും ഭരണകക്ഷി കൗൺസിലർമാരും 5 മണിയോടെ സ്ഥലം വിട്ടു. കോവിഡിൻ്റെ പേര് പറഞ്ഞ് ആറ് മാസങ്ങളായി സാധാരണ കൗൺസിൽ യോഗങ്ങൾ ചേരാൻ തയ്യാറാകാത്ത ചെയർപേഴ്സനും കൂട്ടാളികളുമാണ് ഇപ്പോൾ കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നതെന്നും കോവിഡ് ചട്ടലംഘനത്തിന് കേസ്സെടുക്കണമെന്നും ആവശ്യം നേടിയെടുക്കന്നത് വരെ തങ്ങൾ ചെയർപേഴ്സൻ്റെ മുറിയിൽ സമരം തുടരുമെന്ന് ബിജെപി കൗൺസിലർമാർ പ്രഖ്യാപിച്ചു.അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന ഇരിങ്ങാലക്കുട പോലീസിൻ്റെ ഉറപ്പിൽ വൈകീട്ട് എഴ് മണിയോടെയാണ് സമരം അവസാനിപ്പിച്ചത്.
അതേ സമയം അന്യസംസ്ഥാനങ്ങളിൽ പോയി വരുന്നവർ ടെസ്റ്റ് നടത്തുകയോ എഴ് ദിവസം നിരീക്ഷണത്തിൽ ഇരിക്കുകയോ വേണമെന്നതാണ് നിയമമെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സമരത്തിനിടയിൽ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് എഴ് ദിവസത്തെ നിരീക്ഷണം വേണമെന്നതാണ് നിയമമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാത്രി കർഫ്യൂയും അനാവശ്യ യാത്രകൾക്ക് വിലക്കും നിലനില്ക്കെ ഊട്ടിയിലേക്ക് യാത്ര പോയി വന്ന ചെയർപേഴ്സണും ഭരണകക്ഷി കൗൺസിലർമാരും കോവിഡ് ചട്ടങ്ങൾ ലംഘിച്ച് നടക്കുകയാണെന്നും പകർച്ചവ്യാധി നിയമ ലംഘനത്തിന് കേസ്സെടുക്കണമെന്നും ആവശ്യപ്പെട്ട് ന്യൂനപക്ഷമോർച്ച ജനറൽ സെക്രട്ടറി ഷിയാസ് പാളയംങ്കോട്ട് ജില്ലാ കളക്ടർക്കും ഇരിങ്ങാലക്കുട പോലീസിലും പരാതി നല്കി.