ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതെന്ന് കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ.

ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതെന്ന് കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ.

ഇരിങ്ങാലക്കുട: പട്ടണ ഹ്യദയത്തിലെ ചായക്കടയിൽ നാടിനെ നടുക്കി നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതാണെന്ന പ്രാഥമിക നിഗമനവുമായി കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ.രാവിലെ രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് തൃശൂർ റീജിയണൽ ഫൊറൻസിക് ലാബിലെ അസിസ്റ്റൻ്റ് ഡയറക്ടർമാരായ അബ്ദുൾറസാഖ്, ജിജി ബി എസ്, സിപിഒ വിപിൻ ഗോപി എന്നിവർ ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചായക്കടയിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളിൽ എതെങ്കിലും ഒന്നിൽ നിന്നുള്ള ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്നും ഇവർ സൂചിപ്പിച്ചു. സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ, എഎസ്ഐ കെ ഷറഫുദ്ദീൻ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘവും ഒപ്പം ഉണ്ടായിരുന്നു. ചായക്കട നടത്തിയിരുന്ന ഇല്ലിക്കാട് സ്വദേശി കടവിൽ പ്രകാശൻ, ചായക്കട പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്ക് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കുര്യൻ ജോസഫ് ,പരിസരവാസികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ വിദഗ്ധ സംഘം ചായക്കടയുടെ പുറകിൽ പ്രവർത്തിക്കുന്ന റേഷൻ മൊത്ത വിതരണ കേന്ദ്രം, ഗ്യാസ് ഗോഡൗൺ എന്നിവടങ്ങളിലും പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി ഒൻപതേ മുക്കാലോടെയാണ് കനത്ത ശബ്ദത്തോടെ ചായക്കടയിൽ പൊട്ടിത്തെറി ഉണ്ടായത്.

Please follow and like us: