ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയ ഹോട്ടലിൻ്റെ അടുക്കളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; കുക്കറിൻ്റെ അടപ്പ് മുകളിലേക്ക് തെറിച്ച് അടുക്കളയുടെ മേൽക്കൂര തകർന്നു; ജനകീയ ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിക്കുന്നത് ചോർച്ചയുള്ള സ്കൂൾ കെട്ടിടത്തിൽ.
ഇരിങ്ങാലക്കുട: നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ചായക്കടയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ പൊട്ടിത്തെറിയുടെ കാരണങ്ങൾ അധിക്യതർ തേടുന്നതിനിടയിൽ ഗവ.ഗേൾസ് സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൻ്റെ അടുക്കളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം .രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഉച്ചയൂണിൻ്റെ കറികൾ തയ്യാറാക്കുന്നതിൻ്റെ ഒരുക്കങ്ങൾ ജനകീയ ഹോട്ടലിൻ്റെ ചുമതല വഹിക്കുന്ന കുടുംബശ്രീ സിഡിഎസിലെ രണ്ട് അംഗങ്ങൾ നടത്തുന്നതിനിടയിലാണ് കുക്കർ പൊട്ടിത്തെറിച്ചത്. കുക്കർ വച്ചിരുന്ന ഗ്യാസ് സ്റ്റൗവിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. കുക്കറിൻ്റെ അടപ്പ് മുകളിലേക്ക് തെറിച്ച് ഓടിട്ട മേൽക്കൂരയും തകർന്നു. അപകടസമയത്ത് രണ്ട് പേരും അടുക്കളയിൽ ഉണ്ടായിരുന്നില്ല. ഈ വർഷം മാർച്ച് മുതൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ നിന്ന് നൂറ് പേർക്കുള്ള ഉച്ചഭക്ഷണം 20 രൂപ നിരക്കിൽ നല്കി വരുന്നുണ്ട്. അപകടത്തെ തുടർന്ന് ജനകീയ ഹോട്ടലിൽ നിന്നുള്ള ഭക്ഷണ വിതരണം മുടങ്ങി. ചോർച്ചയുള്ള സ്കൂൾ കെട്ടിടത്തിലാണ് ജനകീയ ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിക്കുന്നത്. സുരക്ഷിതമായ കെട്ടിടം നല്കുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പ് ഇതു വരെ പ്രാവർത്തികമായിട്ടില്ല.