കൊടുങ്ങല്ലൂരിന്റെ തീരപ്രദേശത്ത് പട്രോളിംഗ് നടപടി ശക്തമാക്കി തീരദേശ പോലീസ്; നടപടി ശ്രീലങ്കൻ സ്വദേശികൾ കേരളത്തിൽ എത്തിയേക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്.
കൊടുങ്ങല്ലൂർ:ശ്രീലങ്കൻ സ്വദേശികൾ കേരളത്തിൽ എത്തിയേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കൊടുങ്ങല്ലൂർ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ പ്രദേശങ്ങളിലും കടലിലും പട്രോളിങ്ങിന് ശക്തമാക്കി അഴീക്കോട് തീരദേശ പോലീസ്. വാഹനങ്ങൾ, ഹോംസ്റ്റേകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. മത്സ്യ തൊഴിലാളികൾക്കും കടലോര ജാഗ്രതാ സമിതികൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിലൂടെ പണം സമ്പാദിക്കുന്ന എൽ.ടി.ടി.ഇ വീണ്ടും തീവ്രവാദം ശക്തമാക്കാൻ നീക്കം നടത്തുന്നതായി സൂചനയുണ്ട്. മുനമ്പം അഴീക്കോട് പ്രദേശങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിന് പോകുന്ന തമിഴ്നാട് കന്യകുമാരി കുളച്ചൽ സ്വദേശികളുടെ ബോട്ടുകൾ കേന്ദ്രീകരിച്ചും ഈ പ്രദേശത്തെ ബോട്ട് യാഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. അഴീക്കോട് കോസ്റ്റൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് 24 മണിക്കൂറും കടലിൽ പട്രോളിംഗ് നടത്തി വരുന്നത്.