കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ” ഒരു പകൽ സമര’ വുമായി കോൺഗ്രസ്സ്; ഡിസിസി പ്രസിഡണ്ടും സമരരംഗത്ത്; ക്രൈം ബ്രാഞ്ച് സിപിഎമ്മിൻ്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് എം പി വിൻസെൻ്റ്.
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ ‘ ഒരു പകൽ സമര’ വുമായി കോൺഗ്രസ്സ്.സമരം 37 ദിവസങ്ങൾ പിന്നിടുമ്പോൾ ഡിസിസി പ്രസിഡണ്ടും സമര രംഗത്ത് എത്തി. ബാങ്കിൽ നടന്ന തട്ടിപ്പിന് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുക,നിക്ഷേപകർക്ക് പണം തിരിച്ച് നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സിപിഎമ്മിൻ്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും സിപിഎം ജില്ലാ കമ്മിറ്റിയെ സംരക്ഷിക്കുകയാണെന്നും തട്ടിപ്പിന് ഉത്തരവദികളായ ഭരണസമിതി അംഗങ്ങളെ ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ് കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർലി അധ്യക്ഷനായിരുന്നു. ഡിസിസി വൈസ് – പ്രസിഡണ്ട് ജോസഫ് ടാജറ്റ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ടുമാരായ ബൈജു കുറ്റിക്കാടൻ, ജോസ്ഥ് ചാക്കോ, ബാസ്റ്റ്യൻ ഫ്രാൻസിസ്, എ എസ് ഹൈദ്രോസ്, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ചിന്ത ധർമ്മരാജൻ, കൗൺസിലർമാരായ എം ആർ ഷാജു, ബിജു പോൾ അക്കരക്കാരൻ, അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.